വൃദ്ധനായ രോഗിയോട് ക്രൂരത;കൈ വിരലുകള്‍ പിടിച്ച് ഞെരിച്ച്‌ അറ്റന്‍ഡര്‍ ,തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ദൃശ്യങ്ങള്‍ പുറത്ത്


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് അറ്റന്‍ഡരുടെ ക്രൂരത. വൃദ്ധന്റെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വൃദ്ധന്‍ നിലവിളിക്കുന്ന ദൃശ്യവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. നഴ്‌സിങ് അസിസ്റ്റന്റ് സുനില്‍ കുമാറാണ് വിളക്കുപാറ സ്വദേശി വാസുവിനെ ക്രൂരമായി ഉപദ്രവിക്കുന്നത്.


തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വാര്‍ഡായ പതിനഞ്ചിലാണ് സംഭവം. അപകടം പറ്റി കാലോടിഞ്ഞതിനെ തുടര്‍ന്ന് കമ്പി ഇട്ടു കിടക്കുന്ന വൃദ്ധനോടുള്ള ക്രൂരത തൊട്ടടുത്തുള്ള ഏതോ വ്യക്തി മൊബൈലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയ വഴി ജനങ്ങളെ അറിയിക്കുകയുമായിരുന്നു. വൃദ്ധന്റെ കൈവിരലുകള്‍ ഇയാള്‍ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും വൃദ്ധനെ അടിക്കാന്‍ കൈ ഓങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും


ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞു. സൂപ്രണ്ടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരനെ പിരിച്ചുവിടണമെന്നും വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി ഉടന്‍ ഇടപെടണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.രോഗിയോട് ക്രൂരത കാണിച്ച നഴ്‌സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ടും നഴ്‌സിങ് ഓഫീസറും നേരിട്ടെത്തി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. റിപ്പോര്‍ട്ട് ഇന്ന് തന്നെ സൂപ്രണ്ടിന് കൈമാറും.



Sharing is Caring