രാത്രിയാത്രാ നിരോധനം; കേരള കര്‍ണാടക യാത്രയ്ക്ക് മേല്‍പ്പാത വരുന്നു

ന്യൂഡല്‍ഹി: വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ രാത്രിയാത്രാ നിരോധനുള്ള കേരള കര്‍ണാടക റോഡില്‍ മേല്‍പ്പാത പണിയാന്‍ ആലോചന.കേരള കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാനിരോധനത്തിനു പരിഹാരം കാണുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു.

വനത്തിലൂടെയുള്ള വഴിയില്‍, ഏറ്റവും മര്‍മപ്രധാനമായ ഭാഗത്ത് എട്ടോ പത്തോ കിലോമീറ്റര്‍ നീളത്തില്‍ മേല്‍പ്പാത (എലിവേറ്റഡ് ഹൈവേ) നിര്‍മിക്കാമെന്നാണ് പുതിയ നിര്‍ദേശം.കര്‍ണാടക ഹൈക്കോടതിയാണ് ഇതുവഴിയുള്ള രാത്രിയാത്ര തടഞ്ഞത്. ഇതുസംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയുടെ അന്തിമപരിഗണനയിലാണ്. ഇതേത്തുടര്‍ന്നാണ് പ്രശ്നപരിഹാരമെന്ന നിലയില്‍ പുതിയ നിര്‍ദേശമുയര്‍ന്നത്.

മേല്‍പ്പാത ചെലവേറിയതാണെങ്കിലും പ്രശ്നം പരിഹരിക്കാന്‍ എന്തുകൊണ്ട് അതായിക്കൂടാ എന്ന് മന്ത്രി ഗഡ്കരി അഭിപ്രായപ്പെട്ടു. ഈ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്തുചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. രാത്രിയാത്രാ നിരോധനംമൂലം ഏറെ ബുദ്ധിമുട്ടുന്നത് മലയാളികളാണ്. പുതിയ നിര്‍ദേശം വിശദമായി ചര്‍ച്ചചെയ്യാന്‍ കേരളം ഒരുക്കമാണ്. ഇതിനായി കേന്ദ്രം ഇരുസംസ്ഥാനങ്ങളെയും പ്രത്യേകം ചര്‍ച്ചയ്ക്കു വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *