‘സ്‌നേക്ക് ഐലന്‍ഡിലെ ധീര സൈനികര്‍ ജീവനോടെയുണ്ട്’, സ്ഥിരീകരിച്ച് ഉക്രൈന്‍ നാവികസേന

റഷ്യന്‍ സൈന്യത്തിന്റെ കീഴടങ്ങല്‍ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ നിന്ന സ്‌നേക്ക് ഐലന്‍ഡിലെ 13 ഉക്രൈനിയന്‍ സൈനികരും ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് ഉക്രൈനിയന്‍ നാവികസേന. കീഴടങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ യുദ്ധക്കപ്പല്‍ ഉക്രൈനിയന്‍ സൈനികരെ വധിച്ചുവെന്നായിരുന്നു കരുതിയത്. ആക്രമണത്തിന് പിന്നാലെ ദ്വീപും അതിര്‍ത്തി സേനയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു.

ദ്വീപിലെ ആരെയും വധിച്ചിട്ടില്ലെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഇന്നലെയാണ് ഇവര്‍ ജീവനോടെ ഉണ്ടെന്ന വിവരം ഉക്രൈനിയന്‍ നാവികസേന തന്നെ സ്ഥിരീകരിച്ചത്. ദ്വീപിലെ സൈനികര്‍ റഷ്യന്‍ സൈന്യത്തിന്റെ രണ്ട് ആക്രമണങ്ങളെ ചെറുത്തു. എന്നാല്‍ അവസാനം വെടിക്കോപ്പുകള്‍ തീര്‍ന്നതോടെ അവര്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് നാവിക സേന വ്യക്തമാക്കി.
ലൈറ്റ് ഹൗസുകള്‍, ടവറുകള്‍, ആന്റിനകള്‍ എന്നിവയുള്‍പ്പെടെ ദ്വീപിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ റഷ്യ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്. കീഴടങ്ങിയ സൈനികര്‍ ക്രിമിയയിലെ സെവാസ്റ്റോപോളില്‍ റഷ്യ തടവുകാരായി പാര്‍പ്പിച്ചിരിക്കുന്നതായാണ് അറിയുന്നത്.

ദ്വീപിലെ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വീരമൃത്യു വരിച്ച അതിര്‍ത്തി സൈനികര്‍ക്ക് മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് ഉക്രൈന്‍ പദവി നല്‍കി ആദരിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചിരുന്നു.

കരിങ്കടലില്‍ റൊമാനിയയോടു ചേര്‍ന്ന് ഒഡെസ തുറമുഖത്തിന് തെക്ക് ഭാഗത്തുള്ള ഉക്രൈന്റെ കീഴിലായിരുന്ന സ്മിനി ദ്വീപ് എന്നും അറിയപ്പെടുന്ന സ്നേക് ഐലന്‍ഡില്‍ കഴിഞ്ഞ വ്യാഴാഴചയാണ് ആക്രമണം നടന്നത്. ദ്വീപിനെ വളഞ്ഞ റഷ്യന്‍ സേന ഉക്രൈനിയന്‍ സൈനികരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതും, തിരികെ അവര്‍ പ്രതികരിക്കുന്നതുമായ ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നിരുന്നു.ഉക്രൈന്‍ സൈനികരോട്, ഇതൊരു റഷ്യന്‍ യുദ്ധക്കപ്പലാണ്, രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നും, അല്ലാത്തപക്ഷം നിങ്ങള്‍ ബോംബെറിയപ്പെടും എന്നായിരുന്നു റഷ്യന്‍ സന്ദേശം. എന്നാല്‍ ഇതിന് മറുപടിയായി ‘റഷ്യന്‍ യുദ്ധക്കപ്പല്‍, ഗോ ടു ഹെല്‍ ( നിങ്ങള്‍ പോയി തുലയൂ) എന്നാണ് ഉക്രൈനിയന്‍ സൈന്യം പ്രതികരിച്ചത്. ഇതിന് പിന്നാലെ നടന്ന വ്യോമാക്രമണത്തിലും കടലാക്രമണത്തിലും 13 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതിയത്.

ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തുവെന്നായിരുന്നു ഉക്രൈന്‍ തീരരക്ഷ സേന അറിയിത്. റഷ്യ ആക്രമണം ആരംഭിക്കുന്നതിനും, ദ്വീപുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിനും മുമ്പ് ദ്വീപില്‍ നിന്ന് കേട്ട അവസാന വാക്കുകളായിരുന്നു അത്. ക്രിമിയയില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഉക്രൈന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 16 ഹെക്ടര്‍ പാറ നിറഞ്ഞ ദ്വീപാണ് സ്നേക്ക് ഐലന്‍ഡ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *