മെക്‌സിക്കോ സിറ്റി: മേയര്‍ സ്ഥാനാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായിരിക്കുകയാണ് മെക്സിക്കോയിലെ ഒകാമ്ബോ നഗരത്തിലെ മുഴുവന്‍ പോലീസ് സേനയും. പോലീസ് മേധാവിയെയും 27 കീഴ്ജീവനക്കാരെയുമാണ് ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് ഫെര്‍ണാണ്ടോ ആഞ്ചലസ് സുവാരസ് എന്ന അറുപത്തിനാലുകാരന്‍ അജ്‍ഞാന്റെ വെടിയേറ്റ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഈ പ്രവിശ്യയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയക്കാരനാണ് സുവാരസ്. പ്രശസ്ത ബിസിനസ്സകാരനായ സുവാരസ് ജൂലൈ ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ഥിയായിരുന്നു. ആദ്യം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം പിന്നീട് ഇടതുപക്ഷ പാര്‍ട്ടിയായ പിആര്‍ഡിയുടെ അംഗത്വം സ്വീകരിച്ചിരുന്നു.

അഴിമതിക്കെതിരെ അതിശക്തമായി പോരാടിയ വ്യക്തിയായിരുന്നു സുവാരസ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. സുവാരസിന്റെ കൊലപാതകത്തിന് പിന്നില്‍ ഒകാമ്ബോയിലെ പബ്ലിക് സെക്യൂരിറ്റി സെക്രട്ടറി (പോലീസ് മേധാവി) യാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെക്‌സിക്കന്‍ ഫെഡറല്‍ ഏജന്‍സി അറസ്റ്റ് ചെയ്യാനെത്തിയതോടെ മുഴുവന്‍ പോലീസ് സേനയും എതിര്‍പ്പുമായി രംഗത്തെത്തി. പബ്ലിക് സെക്യൂരിറ്റി സെക്രട്ടറിയുടെ ഓഫീസിലേക്ക് ഫെഡറല്‍ ഏജന്‍സി ഉദ്യോഗസ്ഥരെ കടത്തിവിടാന്‍ പോലും പോലീസ് സംഘം തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോകുകയും കൂടുതല്‍ സേനയുമായെത്തി പോലീസ് സംഘത്തെയാകെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.













