സ്ത്രീപീഡനം: വ്യാജപരാതികള്‍ തെളിയിക്കാന്‍ പുരുഷന്‍മാര്‍ക്ക് അവസരം

പീഡനം ആരോപിച്ച് പുരുഷന്‍മാര്‍ക്കെതിരേ സ്ത്രീകള്‍ വ്യാജപരാതികള്‍ ഉന്നയിച്ചാല്‍ അവ ശ്രദ്ധയില്‍പ്പെടുത്താനും അവരുടെ വാദം കേള്‍ക്കാനും പുതിയ സംവിധാനം പരിഗണനയില്‍. ദേശീയ വനിതാ കമ്മിഷന്റെ വെബ്‌സൈറ്റില്‍ ‘ഓണ്‍ലൈനായി’ പരാതി നല്‍കാനാണ് അവസരം ലഭിക്കുക. വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ‘പുരുഷ പരാതി’കള്‍ക്ക് പ്രത്യേക ജാലകമൊരുക്കുന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന വനിതാകമ്മിഷന്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. പുരുഷന്‍മാര്‍ക്കെതിരേ വ്യാജപരാതികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം വനിതാകമ്മിഷന് നിര്‍ദേശം നല്‍കിയത്.

ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നതിനാല്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂവെന്ന് ലളിത കുമാരമംഗലം പറഞ്ഞു. നിര്‍ദേശം നടപ്പാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് യോഗം ആലോചിക്കും.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് മേനകാഗാന്ധി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീസംരക്ഷണത്തിനായി തയ്യാറാക്കിയ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതികള്‍ സൂക്ഷ്മമായി പരിശോധിച്ച് വ്യാജമായവ തിരിച്ചറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മേനകാഗാന്ധി കമ്മിഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

മന്ത്രാലയത്തിന്റെ നിര്‍ദേശംവഴി യഥാര്‍ഥപരാതികള്‍പോലും വ്യാജമാണെന്ന് വാദിക്കാന്‍ പുരുഷന്‍മാര്‍ക്ക് അവസരം ലഭിക്കുമെന്ന് സി.പി.ഐ. നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജ ചൂണ്ടിക്കാട്ടി.
പരാതിക്കൊപ്പം ആധാര്‍വിവരം നല്‍കണം പുരുഷന്‍മാരുടെ പരാതികളുടെ ആധികാരികത ഉറപ്പാക്കാന്‍ ആധാര്‍, മൊബൈല്‍ നമ്പറുകള്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കണമെന്ന് മന്ത്രി മേനകാഗാന്ധി. പുതിയ നിര്‍ദേശം സ്ത്രീകളില്‍ പ്രതിഷേധത്തിനിടയാക്കിയേക്കും. എന്നാല്‍, ഗാര്‍ഹികപീഡനം, സ്ത്രീധനം, ബലാത്സംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തങ്ങളെ കള്ളക്കേസുകളില്‍ കുടുക്കിയെന്ന് കാണിച്ച് പുരുഷന്‍മാരില്‍നിന്ന് ഒട്ടേറെ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *