സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാന്‍ ഇതാ സ്മാര്‍ട് സ്റ്റിക്കര്‍. ചെറിയ പേപ്പര്‍ പോലെയുള്ള സ്റ്റിക്കറിനകത്ത് ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും. സ്ത്രീകള്‍ക്ക് ഈ ചിപ്പ് വസ്ത്രത്തില്‍ എവിടേയും ഘടിപ്പിച്ചു വെക്കാം. ഇതു സ്മാര്‍ട് ഫോണുമായി ബന്ധപ്പെടുത്താന്‍ സാധിക്കും. ഇതോടെ അതിക്രമത്തിനിരയാകുന്ന സ്ത്രീയുടെ വസ്ത്രത്തിലെ ചിപ്പില്‍ നിന്നും സുഹൃത്തുക്കളുടെ ഫോണിലേക്ക് അപകട സന്ദേശവും ലൊക്കേഷന്‍ വിവരങ്ങളും മെസേജ് ആയി എത്തും. ഇങ്ങനെ പ്രതിയെ എളുപ്പത്തില്‍ പിടികൂടുകയും അതിക്രമം തടയുകയും ചെയ്യാം.
ചിപ്പ് ധരിച്ചയാളുടെ സ്മാര്‍ട് ഫോണില്‍ ബ്ലൂടൂത്ത് വഴിയാണ് ഇത് ബന്ധിപ്പിക്കുക. തുടര്‍ന്ന് പ്രത്യേക ആപ്പ് വഴി ഈ ഫോണില്‍ നിന്ന് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഫോണിലേക്കും ബന്ധിപ്പിക്കാം. ഇങ്ങനെ അഞ്ച് മൊബൈല്‍ നമ്പറിലേക്ക് ഒരേ സമയം ബന്ധിപ്പിക്കാനും കഴിയും.
ആക്റ്റീവ്,പാസീവ് എന്നീ രണ്ടു മോഡുകളില്‍ ചിപ്പ് പ്രവര്‍ത്തിപ്പിക്കാം.

ആക്റ്റീവ് മോഡില്‍ ഇരയാക്കപ്പെട്ടവരുടെ ബോധം നഷ്ടപ്പെട്ടാലോ മയങ്ങിയാലോയെല്ലാം ഓട്ടോമാറ്റിക് ആയി സന്ദേശം നല്‍കും. പാസീവ് മോഡില്‍ ഇരക്ക് സ്വയം തന്നെ ചിപ്പ് പ്രവര്‍ത്തിപ്പിക്കാം. ആക്രമിയെ കാണുന്ന ഉടന്‍ തന്നെ സ്ത്രീകള്‍ക്ക് ഈ ചിപ്പില്‍ അമര്‍ത്തി അപകട സന്ദേശം അയക്കാനും കഴിയും. എം.ഐ.ടി സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറിലെ മീഡിയ ലാബ് വിദ്യാര്‍ഥികളാണ് ഈ ചിപ്പ് രൂപകല്‍പന ചെയ്തത്.













