സിപിഐ എം ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടക്കും. ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് വേദി തീരുമാനിച്ചത്. 2018 ഏപ്രിലിലാണ് പാര്‍ടി കോണ്‍ഗ്രസ്.
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മൂന്നാം പ്രാവശ്യവും മത്സരിപ്പിക്കണമെന്ന പാര്‍ടി പശ്ചിമബംഗാള്‍ സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശം കേന്ദ്രകമ്മിറ്റി തള്ളി. പശ്ചിമബംഗാളിലെ പ്രതിപക്ഷകക്ഷികള്‍ പൊതുസ്വീകാര്യനായ സ്വതന്ത്രസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കട്ടേയെന്നതാണ് കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇതു നടക്കാതെപോയാല്‍ ബംഗാള്‍ ഇടതുമുന്നണി മത്സരത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കയായിരുന്നു സീതാറാം യെച്ചൂരി.

രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ഏപ്രില്‍ 30നു താന്‍ വ്യക്തമാക്കിയിരുന്നെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. പാര്‍ടി പൊളിറ്റ്ബ്യൂറോ നേരത്തെ തന്നെ ബംഗാള്‍ സംസ്ഥാനകമ്മിറ്റിയുടെ ഇതുസംബന്ധിച്ച നിര്‍ദേശം നിരാകരിച്ചിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പ് നീണ്ടുപോയ സാഹചര്യത്തില്‍, ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് ബംഗാള്‍സംസ്ഥാനകമ്മിറ്റി കേന്ദ്രകമ്മിറ്റിയോട് ആവശ്യപ്പെട്ടു. വിഷയം വീണ്ടും പരിഗണിച്ചത് ഇതുകൊണ്ടാണ്.
കോണ്‍ഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ ഉണ്ടാക്കരുതെന്ന് പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചതാണ്. കൂടാതെ, പാര്‍ടി ജനറല്‍ സെക്രട്ടറിമാര്‍ സംഘടന പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രാജ്യസഭയിലേക്ക് ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ട് അവസരത്തില്‍ കൂടുതല്‍ നല്‍കരുതെന്ന കീഴ്വഴക്കമാണ് പാര്‍ടി പിന്തുടരുന്നത്. ഇക്കാലത്ത് രാഷ്ട്രീയ നൈതികത കാട്ടേണ്ടത് വളരെ പ്രധാനമാണ്. മാത്രമല്ല, നേതൃത്വം എന്നത് സ്വാഭാവികമായി ഉയര്‍ന്നുവരുന്നതാണ്; ഒരാളില്‍ ഒതുങ്ങുന്നതല്ല. സീറ്റുകളുടെ എണ്ണത്തെക്കാള്‍ പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് പ്രധാനമെന്ന് അദ്ദേഹം പ്രതികരിച്ചു.
കര്‍ഷകാത്മഹത്യ, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ആഗസ്ത് 15 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്ക് മൂര്‍ച്ചയേകുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനാധിപത്യത്തിന്റെ ഓരോ സ്ഥാപനങ്ങളും വര്‍ഗീയവത്കരിക്കപ്പെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ആര്‍എസ്എസ് പ്രചാരകരെ തിരുകി കയറ്റി വര്‍ഗീയതയ്ക്ക് വളംവെക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ടി നേതൃത്വം നല്‍കുമെന്നും കേന്ദ്രകമ്മിറ്റി അറിയിച്ചു.













