സെന്‍‌കുമാറിന്റെ ഹര്‍ജി: നോട്ടീ‍സിന് മുമ്പ് എതിര്‍ക്കാന്‍ നിര്‍ദേശം

ഡിജിപി ടി.പി സെൻകുമാറിന്റെ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതി നോട്ടീസ് അയക്കുന്നതിന് മുമ്പുതന്നെ ഹർജിയെ എതിർക്കണമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശം. സർക്കാർ അഭിഭാഷകനാണ് നിർദ്ദേശം നൽകിയത്. ഹ‍‍ർജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനസർക്കാർ നിലപാട് കടുപ്പിക്കാൻ നിർദ്ദേശിച്ചത്.

കീഴ്‌ക്കോടതിയിൽ പറയാക്കത്ത കാര്യങ്ങളാണ് സെൻകുമാർ സുപ്രീംകോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കരുതെന്നും സ്റ്റാഡിംഗ് കൗൺസിലിനോട് എജി നിർദ്ദേശിച്ചു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയപകപോക്കലാണെന്നാരോപിച്ചാണ് ടി പി സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജെ.ബി ഗുപ്ത കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.

പി ജയരാജന്‍ ഉള്‍പ്പെടെ സിപിഐഎം നേതാക്കള്‍ക്ക് എതിരെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ നടപടി എടുത്തതാണ് പകപോക്കലിന് കാരണം. ടി പി ചന്ദ്രശേഖരന്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളില്‍ എടുത്ത നിലപാടാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ക്കാന്‍ കാരണമായതെന്നും ടി പി സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. താനെടുത്ത പല നിലപാടുകളും സിപിഐഎമ്മിനെ ചൊടിപ്പിച്ചെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും യുഡിഎഫ് വിട്ട് പുതിയ താവളം തേടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രതിപക്ഷം ഉന്നയിക്കുന്നതിനേക്കാള്‍ വലിയ വിമര്‍ശങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഡിജിപി സ്ഥാനത്തിന് യോജിക്കുന്ന സംസാരമല്ല സെന്‍കുമാറിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *