മിഠായിത്തെരുവിലെ തീപിടിത്തം ആസൂത്രിതം’

കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തം ആസൂത്രിതമാണെന്ന് വെളിപ്പെടുത്തി കേരള വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നസിറുദ്ദീന്റെ വെളിപ്പെടുത്തല്‍.

കടയ്ക്ക് തീപ്പിടിക്കുന്നതിനു മുന്‍പ് ആരോ ഓടിപ്പോകുന്നതു കണ്ടെന്ന് വെളിപ്പെടുത്തിയ നസിറുദ്ദീന്‍ ഒരു വര്‍ഷത്തിനകം ഇനിയും തീപിടിത്തമുണ്ടാകുമെന്നും മുന്നറയിപ്പ് നല്‍കുന്നു. തീപിടിത്തമുണ്ടായി 10 ദിവസം കഴിഞ്ഞപ്പോഴാണ് ഗുരുതരമായ വെളിപ്പെടുത്തലുകളുമായി നസിറുദ്ദീന്‍ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ തീപിടിത്തം മാത്രമല്ല, ഇതുവരെയുണ്ടായ എല്ലാ തീപ്പിടിത്തവും അട്ടിമറിയാണെന്നാണ് നസിറുദ്ദീന്‍ പറയുന്നത്. മാത്രമല്ല കടകള്‍ക്കു പിന്നില്‍ ഒഴിഞ്ഞസ്ഥലം മറ്റാരെങ്കിലും വാങ്ങിയാല്‍ ആ കട കത്തിയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കത്തുന്നതെല്ലാം പ്രധാന റോഡരികിനോട് ചേര്‍ന്നുള്ള കടകളാണ്. ഓയാസീസ് കോംപൗണ്ടിലോ, കെവി കോംപ്ലക്‌സിലോ തീപ്പിടിത്തമുണ്ടാകുന്നില്ല. എല്ലാകാര്യങ്ങളും പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണത്തെ ബാധിക്കുന്ന വെളിപ്പെടുത്തല്‍ കൂടിയാണ് ഇന്ന് നസിറുദ്ദീന്‍ നടത്തിയിരിക്കുന്നത്. അതേസമയം ചൊവ്വാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ നസിറുദ്ദീന്‍ പങ്കെടുത്തിരുന്നില്ല. പകരം ജനറല്‍ സെക്രട്ടറി അഷ്‌റഫ് മൂത്തേടത്താണ് പങ്കെടുത്തത്. എന്നാല്‍ അദ്ദേഹം ഇക്കാര്യങ്ങളൊന്നും യോഗത്തില്‍ പറഞ്ഞില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *