സെന്‍‌കുമാറിനെ നീക്കിയ നടപടി ചട്ടലംഘനം


കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം. രണ്ടു വര്‍ഷമെങ്കിലും സ്ഥാനത്ത് തുടരണമെന്നാണ് ചട്ടമെന്ന് കേന്ദ്രം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.


ഉന്നതറാങ്കിലുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിന് സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു വര്‍ഷത്തിന് മുമ്പ് ഉദ്യോഗസ്ഥനെ മാറ്റണമെങ്കില്‍ ഒരു കമ്മീഷനെ നിയമിച്ച്‌ അന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ചട്ടം. കമ്മിഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്ന കാര്യത്തില്‍ തീരുമാമെടുക്കാവൂ. എന്നാല്‍ ഇതിവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ട്രിബ്യൂണലിനെ അറിയിച്ചു.


സ്ഥാനം മാറ്റുന്നതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കാനാണ് സുപ്രീംകോടതി ഈ ചട്ടം നിര്‍ദേശിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെയാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റി ലോക്നാഥ് ബെഹ്റയെ തല്‍സ്ഥാനത്ത് നിയമിച്ചത്. സര്‍ക്കാര്‍ നടപടിക്ക് എതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണന്‍ പരിഗണിച്ചത്.



Sharing is Caring