സൂപ്പര്‍ ഫുട്‌ബോളിന് ഇന്ന് തുടക്കം; കിക്കോഫ് രാത്രി എട്ടിന്

ഇന്നത്തെ രാവില്‍ കൊച്ചിയുടെ പുല്‍ത്തകിടിയില്‍ സോക്കര്‍ വസന്തത്തിന് പന്തുരുളും. പുതിയ രൂപവും ഭാവവുമായി വരുന്ന കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും കഴിഞ്ഞ തവണത്തെ ഫൈനല്‍ പോരിന്റെ ആവര്‍ത്തനമെന്നോളം ആദ്യ കളിയില്‍ നേര്‍ക്കുനേര്‍ വരും. വിജയം കൊണ്ട് ആഘോഷം തീര്‍ക്കാന്‍ മോഹിച്ചു തന്നെയാണ് ശക്തരുടെ വരവ്. കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ പന്ത് തട്ടാന്‍ ഇറങ്ങുന്നത് പുതിയ കരുത്തുമായി. പതിവ് ശൈലികള്‍ വിട്ടു മഞ്ഞപ്പടെ പാടെ മാറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തന്ത്രങ്ങളും കരുത്തുമാണ് ഇന്നത്തെ ബ്ലാസ്റ്റേഴ്‌സിന്റെ കൈമുതല്‍. തന്ത്രജ്ഞന്‍ മാത്രമല്ല വിദേശ- സ്വദേശ പോരാളികളില്‍ ഏറെയും പുതിയ മുഖങ്ങള്‍.
മാഞ്ചസ്റ്ററിന്റെ ഇതിഹാസം ദിമിത്രി ബെര്‍ബറ്റേവും വെസ് ബ്രൗണും. ഐ.എസ്.എല്ലിന്റെ സൂപ്പര്‍ ഹീറോ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ എന്ന കനേഡിയന്‍ ആക്രമണകാരി ഇയാന്‍ ഹ്യൂം. ആഫ്രിക്കന്‍ കരുത്തുമായി ഘാന താരം പെകുസനും നെമിഞ്ച പെസിച്ചും. സന്തോഷ് ജിങ്കനും സി.കെ വിനീതും ഉള്‍പ്പടെ കരുത്തന്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ യുവരക്തങ്ങളായ അരാറ്റ ഇസുമി, ജാക്കിചന്ദ് സിങ്, ലാല്‍റുവതാര. കരുത്തിലും തന്ത്രങ്ങളിലും മഞ്ഞപ്പട സന്തുലിതമാണ്. ഈ കരുത്തന്‍മാരെ ഒരു പന്തിന് പിന്നാലെ ഒരു മനസോടെ കൂട്ടിയിണക്കുന്ന തന്ത്രജ്ഞനായി റെനെ മ്യൂളെന്‍സ്റ്റീന്‍.
സൂപ്പര്‍ ഫുട്‌ബോളിലെ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പടയോട്ടത്തിന് ഒരുങ്ങി കഴിഞ്ഞു. സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ കണക്കിലെ കളിയില്‍ എ.ടി.കെയ്ക്ക് തന്നെയാണ് മുന്‍തൂക്കം. മൂന്ന് പതിപ്പുകളിലായി രണ്ട് ഫൈനല്‍ അടക്കം എട്ട് കളികളിലെ അഞ്ചിലും ബ്ലാസ്റ്റേഴ്‌സ് തോറ്റു. ഒരു വിജയവും ഒരു സമനില മാത്രമാണ് ആശ്വാസം. ബ്ലാസ്റ്റേഴ്‌സിന്റെ കിരീട മോഹം രണ്ട് തവണയും തല്ലിക്കെടുത്തിയത് കൊല്‍ക്കത്തയായിരുന്നു. പഴയതെല്ലാം മറന്ന് പുതിയ തുടക്കമാണ് റെനെ മ്യൂളെന്‍സ്റ്റീന്‍ ലക്ഷ്യമിടുന്നത്. ക്ലീന്‍ ഷീറ്റില്‍ കളിച്ചു തുടങ്ങുക. കൊല്‍ക്കത്തയെ തോല്‍പിച്ച് ആദ്യ വിജയവുമായി പടയോട്ടം തുടങ്ങുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *