സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; നിര്‍ണ്ണായക പിബി യോഗം ഇന്നും നാളെയും ചേരും

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയത്തില്‍ കേരളഘടകം ഇടഞ്ഞു നില്‍ക്കേ ഇന്നും നാളെയുമായി നിര്‍ണ്ണായക പോളിറ്റ്ബ്യൂറോ ചേരും. യെച്ചൂരിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണം എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന.

ബംഗാളില്‍ നിന്ന് ഒഴിവു വരുന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ യെച്ചൂരിയെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബംഗാള്‍ ഘടകത്തിന്‍റെ ആവശ്യം. ഇതില്‍ ഒന്ന് കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ജയിപ്പിച്ചെടുക്കാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിലാണ് കേരളഘടകം ഉറച്ചു പിടിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ ജയിപ്പിക്കേണ്ടതില്ലെന്നാണ് പിബിയുടെ നിലപാട്. രണ്ടു തവണയില്‍ കൂടുതല്‍ ഒരാളെ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടെന്ന കീഴ്വഴക്കം മാറ്റാന്‍ യെച്ചൂരിയും ഒരുക്കമല്ല. ബംഗാളില്‍ തിരിച്ചടി കിട്ടി കൊണ്ടിരിക്കെ ബിജെപിയെയും തൃണമൂലിനെയും നേരിടാന്‍ കോണ്‍ഗ്രസിന്‍റെ സഹായം സ്വീകരിക്കാം എന്നും യെച്ചൂരിയെ രാജ്യസഭയിലേക്ക് വിടണമെന്നും ബംഗാള്‍ ഘടകം പറയുന്നു. യെച്ചൂരി സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *