സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിനെതിരെ പുനരന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

ന്യൂഡല്‍ഹി ∙ 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെട്ട കേസില്‍ പുനരന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കേസിലെ രണ്ട് ദൃക്‌സാക്ഷികള്‍ കലാപത്തില്‍ കമല്‍നാഥിന്റെ പങ്കിനെക്കുറിച്ച്‌ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്. എന്നാല്‍ കമല്‍നാഥ് ഇതു നിഷേധിക്കുകയും അന്വേഷണ ഏജന്‍സി അദ്ദേഹത്തിനു സംശയത്തിന്റെ ആനുകൂല്യം നല്‍കുകയും ചെയ്തിരുന്നു.

അതെ സമയം സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന്റെ പങ്ക് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡല്‍ഹി സിക്ക് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷന്‍ മഞ്ജിംദര്‍ സിംഗ് സിര്‍സ അറിയിച്ചു. കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറക്കാണമെന്നും സിര്‍സ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കമല്‍ നാഥിനെതിരെ രണ്ട് സാക്ഷികള്‍ മൊഴി നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ അവര്‍ തയ്യാറാണ്. കമല്‍ നാഥ് പ്രതിയാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ അവരുടെ പക്കല്‍ ഉണ്ടെന്നും സിര്‍സ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് കമല്‍നാഥിനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിഖ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജനക്കൂട്ടത്തെ ശാന്തരാക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു കമല്‍നാഥിന്‍റെ വിശദീകരണം. അതെ സമയം സാക്ഷികളുടെ പക്കലുള്ള തെളിവുകള്‍ വളരെ നിര്‍ണ്ണായകമായതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സിര്‍സ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധ കലാപ സമയത്ത് സെന്‍ട്രല്‍ ദില്ലിയിലെ ഗുരുദ്വാരയില്‍ കമല്‍നാഥിന്‍റെ സാന്നിധ്യത്തില്‍ സിഖുകാര്‍ കൊല്ലപ്പെട്ടതായാണ് ദൃക്സാക്ഷി മൊഴി. 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്‍ലര്‍ എന്നിവരെ കൂടാതെ കമല്‍നാഥും പ്രതിയാണെന്നാണ് ആരോപണം.1984 സിഖ്‌ വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരായ വീണ്ടും അന്വേഷണം ആരംഭിക്കുന്നത് സിഖുകാരുടെ വിജയമാണെന്നു കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വീറ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *