കേരള വികസനത്തിനായി ഒക്ടോബര്‍ നാലിന് ദുബായിയില്‍ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കാന്‍ ഒക്ടോബര്‍ നാലിന് ദുബായിയില്‍ ചെറുകിട, ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ നിക്ഷേപ കമ്ബനി രൂപവത്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്ഥിരം ഷെല്‍ട്ടറുകള്‍ നിര്‍മിക്കും. ക്യാമ്ബുകളില്‍നിന്ന് മടങ്ങുന്നവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതുവരെ താമസിക്കാനും സംവിധാനം ഒരുക്കും. വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ നാലുലക്ഷം രൂപ നല്‍കും. ആദിവാസി മേഖലയില്‍ തുകയില്‍ ചില വര്‍ധന വേണ്ടിവരും. പ്രീഫാബ് നിര്‍മാണ രീതി പ്രചരിപ്പിക്കാന്‍ വലിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഈ രീതിയില്‍ നിര്‍മിച്ച്‌ മാതൃക കാട്ടും. ആര്‍ക്കിടെക്ടുമാര്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും.

പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ച പഠനത്തില്‍ മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളും പരിഗണിക്കും. മൂന്നുമാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും. നദികള്‍ പുനരുജ്ജീവിപ്പിക്കാന്‍ നാട്ടുകാരുടെ സഹകരണം ഉറപ്പാക്കും. വിദേശമലയാളികള്‍, കോര്‍പ്പറേറ്റ് കമ്ബനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവ നദി പുനരുജ്ജീവനത്തിന് വിനിയോഗിക്കുന്നത് പരിഗണിക്കും. നീര്‍ച്ചാലുകള്‍ മലയോരമേഖലയിലെ സൂക്ഷ്മ നീര്‍ച്ചാലുകളുടെ പുനഃസ്ഥാപനത്തിന് പ്രാധാന്യം നല്‍കും. മലയോരമേഖലയില്‍ കൃഷി ഒഴിവാക്കേണ്ടതില്ല. അതേസമയം അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അവിടെനിന്ന് സുരക്ഷിതസ്ഥലത്തേക്ക് മാറേണ്ടിവരും. വലിയ വീടുകള്‍ നിര്‍മിക്കുന്നവരുടെ നികുതി വര്‍ധിപ്പിക്കണമെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നു. ഈ വിഷയം ആലോചിക്കും.

ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആപല്‍സമയത്ത് മാധ്യമങ്ങള്‍ പോസിറ്റീവായാണ് പ്രതികരിച്ചത്. അതേസമയം, സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടുകയും വേണം. ഉദ്യോഗസ്ഥ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ നവകേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *