സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്നിട്ടില്ല, രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് ആചാര്യന്‍ വീര്‍ സവര്‍ക്കറിന്റെ കുടുംബം രംഗത്ത്. വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്നാണ് ജയില്‍ മോചിതനായെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന തെറ്റാണെന്നും അദ്ദേഹം സവര്‍ക്കറിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും അനന്തരവന്‍ രഞ്ജീത് സവര്‍ക്കര്‍ പറഞ്ഞു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധിജിയൊക്കെ ജയിലില്‍ കിടന്ന സമയത്ത് സവര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതി മാപ്പിരന്ന് പുറത്തിറങ്ങിയെന്നും ഈ സവര്‍ക്കറുടെ ചിത്രമാണ് മോദി പാര്‍ലമെന്റില്‍ വച്ചിരിക്കുന്നതെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

‘ബ്രീട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളെല്ലാം ജയിലിലായിരുന്നു. ഇതിനിടയില്‍ ഒരാള്‍ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതി. ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഞാന്‍ പങ്കെടുത്തിട്ടില്ല. എന്നെ ജയില്‍ മോചിതനാക്കണം. ഞാന്‍ നിങ്ങളുടെ കാലു പിടിക്കാം. ദയവ് ചെയ്ത് എന്നെ വിട്ടയക്കണം. എന്നാല്‍ മറ്റൊരു ഭാഗത്ത് മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ എന്നിവര്‍ രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി പോരാടുകയായിരുന്നു’. ഇതായിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

എന്നാല്‍ സവര്‍ക്കര്‍ 27 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയതെന്ന് രഞ്ജീത് പറഞ്ഞു. മുംബയ് ശിവജി പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ രഞ്ജീത് പരാതി നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *