സര്‍ക്കാറിന്റെ പോരാട്ടം അഴിമതിക്കും ദാരിദ്ര്യത്തിനും എതിരെ: മോദി


അഴിമതിക്കും കള്ളപ്പണത്തിനും എതിരാണ് സര്‍ക്കാറിന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


1857ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായിരുന്നു പോരാട്ടമെങ്കില്‍ ഇന്ന് കള്ളപണത്തിനും ദാരിദ്ര്യത്തിനും എതിരായാണ് പോരാട്ടം നടക്കുന്നതെന്ന് മോദി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, അഖിലേഷ്, മായാവതി എന്നിവര്‍ക്കെതിരെയാണ് ബി.ജെ.പിയുടെ പോരാട്ടം. ഇവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ കൂട്ടി വായിച്ചാല്‍ അഴിമതിയുടെ ഇംഗ്ലീഷ് പദം ലഭിക്കുമെന്നും മോദി പരിഹസിച്ചു.
ഇന്നലെ വരെ കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടിയെ കുറ്റം പറയുകയായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് അവര്‍ക്കൊപ്പമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി പറഞ്ഞു. ആരോഗ്യരംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി യു.പി സര്‍ക്കാറിന് 4,000 കോടി രൂപ നല്‍കിയിരുന്നു.


ഇതില്‍ 2,500 കോടി രൂപ പോലും സര്‍ക്കാര്‍ വിനിയോഗിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാറിെന്റ പദ്ധതികള്‍ ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കണമെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണം ഇല്ലാതാക്കി ബി.ജെ.പിയുടെ ഭരണം കൊണ്ടുവരണമെന്നും മോദി ആവശ്യപ്പെട്ടു. നേരത്തെ മീററ്റിെന്റ ചരിത്ര പ്രാധാന്യം ഓര്‍മിച്ചുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്.



Sharing is Caring