റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണയുടെ ബ്രാന്‍ഡ് അംബാസഡര്‍

ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ വീണ്ടും ബാഴ്‌സലോണയിലേക്ക്. കളിക്കാരനായല്ല ക്ലബിന്റെ ബ്രാന്‍ഡ് അംബാസഡറായാണു താരത്തിന്റെ പുതിയ വരവ്. അടുത്ത പത്തു വര്‍ഷം മുന്‍ ബാഴ്‌സലോണ താരം കൂടിയായ ബ്രസീലിയന്‍ ഇതിഹാസമായിരിക്കും ബാഴ്‌സയുടെ അംബാസഡര്‍. റൊണാള്‍ഡീഞ്ഞോയുമായി കരാര്‍ ഒപ്പുവച്ചതായി ബാഴ്‌സലോണ ക്ലബ് അധികൃതര്‍ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. റൊണാള്‍ഡീഞ്ഞോയുടെ സ്വീകാര്യത ടീമിനു മുതല്‍ക്കൂട്ടാകുമെന്നു അധികൃതര്‍ പ്രത്യാശിച്ചു.
അംബാസഡര്‍ പദവി ലഭിച്ച റൊണാള്‍ഡീഞ്ഞോയ്ക്ക് ലോകത്തെവിടെയും ടീമിനൊപ്പം സഞ്ചരിക്കാം. ഒപ്പം ക്ലിനിക്കുകളും പരിശീലന സഷന്‍സുള്‍പ്പെടെയുള്ള ക്ലബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കളിയാകാം. നിലവില്‍ ബാഴ്‌സലോണ ഫൗണ്ടേഷനും യൂനിസെഫും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ റൊണാള്‍ഡീഞ്ഞോ സജീവമായി പങ്കെടുക്കാറുണ്ട്.
2003 മുതല്‍ 2008 വരെ ബാഴ്‌സലോണയ്ക്കായി കളത്തിലിറങ്ങിയ താരമാണു റൊണാള്‍ഡീഞ്ഞോ. 2004- 05, 2005- 06 സീസണുകളില്‍ ക്ലബിനെ ലാ ലിഗ, 2006ല്‍ ചാംപ്യന്‍സ് ലീഗ് കിരീടങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് റൊണാള്‍ഡീഞ്ഞോ. 2004ലും 2005ലും ഫിഫ ഫുട്‌ബോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ ബ്രസീല്‍ ഇതിഹാസം 2008ലാണ് ബാഴ്‌സലോണയില്‍ നിന്നു എസി മിലാനിലേക്ക് മാറിയത്. 36കാരനായ താരം 2015 മുതല്‍ ഒരു ക്ലബിനായും കളത്തിലിറങ്ങിയിട്ടില്ല. ബ്രസീല്‍ ക്ലബ് കോറിടിബയ്ക്കായി കളിക്കാനിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണു ബാഴ്‌സലോണയുടെ അംബാസഡര്‍ പദവിയിലേക്ക് റൊണാള്‍ഡീഞ്ഞോ അവരോധിക്കപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *