‘സര്‍ക്കാരിനോട് മല്ലടിച്ച് ഇന്ത്യയില്‍ തുടര്‍ന്നു’; ഐപിഎല്ലിനായി ‘റിസ്‌ക്’, ഓസീസ് താരങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവ് ഉറപ്പോ?

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചതോടെ കളിക്കാരുടെ തിരിച്ചുപോക്ക് പ്രതിസന്ധിയില്‍. ഒരു വിഭാഗം താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും തുടര്‍ന്ന ഓസീസ് താരങ്ങളാണ് പ്രധാനമായും വെട്ടിലായിരിക്കുന്നത്. ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സും സ്റ്റീവ് സ്മിത്തും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയില്‍ കുടുങ്ങിയിട്ടുണ്ട്. നേരത്തെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തുന്നതായി ആസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു.

വിലക്ക് ലംഘിച്ച് രാജ്യത്തെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഞ്ച് വര്‍ഷം വരെ തടവിന് ശിക്ഷിക്കുമെന്ന് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ തുടരുന്ന താരങ്ങള്‍ക്ക് ഇളവുകള്‍ നല്‍കില്ലെന്നും പ്രത്യേകം അറിയിച്ചിരുന്നു. ഓസീസില്‍ നിന്നുള്ള ക്രിക്കറ്റ് സ്റ്റാഫ്, കളിക്കാര്‍, കോച്ചിംഗ് സ്റ്റാഫ്, കമന്റേറ്റര്‍മാര്‍ എന്നിവര്‍ക്ക് സുരക്ഷിതമായ താമസമൊരുക്കാനും തിരിച്ചുള്ള യാത്രസൗകര്യം ഉറപ്പാക്കാനും ബിസിസിഐയോട് ക്രിക്കറ്റ് ആസ്‌ട്രേലിയ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇക്കാര്യം ഉറപ്പുവരുത്തുമെന്ന് ബിസിസിഐ പറഞ്ഞതായും ക്രിക്കറ്റ് ആസ്‌ട്രേലിയ, ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജീവന്‍ പണയപ്പെടുത്തിയാണ് പല താരങ്ങളും ഇന്ത്യയില്‍ തുടരുന്നത്. ആസ്‌ട്രേലിയയെ കൂടാതെ നിരവധി ഇംഗ്ലണ്ട് താരങ്ങളും ഐപിഎല്ലിലുണ്ട്. മിക്കവര്‍ക്കും തിരികെ മടങ്ങാനാവാത്ത അവസ്ഥയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *