ചൈനയുടെ ‘നിയന്ത്രണം വിട്ട’ റോക്കറ്റ് ഈ ആഴ്ച ഭൂമിയില്‍ പതിച്ചേക്കും; സഞ്ചാരഗതി പിന്തുടര്‍ന്ന് യുഎസ്‌


വാഷിങ്ടൺ: നിയന്ത്രണം വിട്ട നിലയിൽ താത്കാലിക ഭ്രമണപഥത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ റോക്കറ്റിനെ കുറിച്ചുള്ള ആശങ്ക തുടരുന്നു. ലോങ് മാർച്ച്-5B റോക്കറ്റിന്റെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനത്തെ കുറിച്ചും ഭൂമിയിൽ പതിക്കാൻ സാധ്യതയുള്ള സ്ഥലത്തെ സംബന്ധിച്ചുമുള്ള അനിശ്ചിതത്വത്തെ തുടർന്നാണ് ആശങ്ക. ബാഹ്യനിയന്ത്രണമില്ലാതെയുള്ള ഏറ്റവും ശക്തമായ റോക്കറ്റ് പുനഃപ്രവേശനങ്ങളിലൊന്നായിരിക്കും ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ വാരാന്ത്യത്തോടെ റോക്കറ്റ് ഭൂമിയിൽ പതിച്ചേക്കുമെന്നാണ് നിഗമനം.


റോക്കറ്റിന്റെ സഞ്ചാരദിശ നിർണയിക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു. റോക്കറ്റിന്റെ ഭൗമാന്തരീക്ഷപ്രവേശനം മേയ് എട്ടോടെയായിരിക്കുമെന്നും റോക്കറ്റിന്റെ ഭാരമേറിയ അവശിഷ്ടങ്ങൾ ഭൂമിയുടെ ഏതൊക്കെ ഭാഗങ്ങളിൽ പതിക്കുമെന്ന കാര്യം അവ്യക്തമാണെന്നും യുഎസ് സ്പേസ് കമാൻഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. റോക്കറ്റിന്റെ പ്രവേശനസ്ഥാനം ഭൗമാന്തരീക്ഷത്തിലെ പ്രവേശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമേ നിർണയിക്കാൻ സാധിക്കുകയുള്ളുവെന്നും റോക്കറ്റിന്റെ സഞ്ചാരഗതി മേയ് നാല് മുതൽ പിന്തുടരാൻ ആരംഭിച്ചതായും സ്പേസ് കമാൻഡ് അറിയിച്ചു.
ഏകദേശം നൂറടിയോളം വലിപ്പമുള്ള വസ്തു 90 മിനിറ്റിലൊരിക്കൽ ഭൂമിയെ ചുറ്റിസഞ്ചരിക്കുന്നതായും ന്യൂയോർക്കിന്റെ വടക്കും ബെയ്ജിങ്ങിലും ന്യൂസിലൻഡിലും ആകാശത്ത് ഈ വസ്തു കാണപ്പെട്ടതായും ബഹിരാകാശനിരീക്ഷണ വെബ്സൈറ്റിനെ അടിസ്ഥാനമാക്കി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ തവണ ചൈനയുടെ ലോങ് മാർച്ച്-5B റോക്കറ്റ് വിക്ഷേപണം അവസാനിച്ചത് എണ്ണമറ്റ ലോഹാവശിഷ്ടങ്ങൾ ആകാശത്ത് ഒഴുകി നടക്കുന്നതിലും നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുന്നതിലുമായിരുന്നെന്ന് ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ആസ്ട്രോഫിസിസ്റ്റായ ജൊനാഥൻ മക്ഡൊണാൾഡ് പറഞ്ഞു.


ഭൂമിയുടെ എഴുപത് ശതമാനത്തോളം സമുദ്രമായതിനാൽ റോക്കറ്റിന്റെ പതനം ജനവാസമേഖലയിലാവാനുള്ള സാധ്യത കുറയ്ക്കുന്നതായി ജൊനാഥൻ പറയുന്നു. ചൈനയുടെ മനഃപൂർവമുള്ള ശ്രദ്ധക്കുറവ് മൂലമുള്ള ഈ റോക്കറ്റ് പതനം 100 മൈലോളം ദൂരത്തിൽ വ്യാപിക്കുന്ന ഒരു വിമാനാപകടത്തിന്റെ ഫലം ഉളവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് ടണ്ണിൽ കൂടുതൽ ഭാരമുള്ള വസ്തുക്കൾ ബാഹ്യനിയന്ത്രണമില്ലാതെ ഭൂമിയിൽ പതിക്കാൻ അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ജൊനാഥന്റെ അഭിപ്രായം. 21 ടണ്ണാണ് ലോങ് മാർച്ച് 5Bയുടെ ഭാരം.



Sharing is Caring