സമയപരിധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി

ദില്ലി: സബ്സിഡിക്കും ക്ഷേമപെന്‍ഷനും ആധാര്‍ ബന്ധിപ്പിക്കേണ്ട സമയപരിധി മാര്‍ച്ച്‌ 31 തന്നെയെന്ന് സുപ്രീംകോടതി. തീയതി നീട്ടണമെന്ന ഹര്‍ജി തള്ളി. ആധാര്‍ ഒരിക്കലും ചോര്‍ന്നിട്ടില്ലെന്ന് യുഐഡിഎ സിഇഒ.

സബ്സിഡികള്‍ക്കും സര്‍ക്കാരിന്‍റെ സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കിട്ടാനും ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ട സമയപരിധി ഈ മാസം 31ല്‍ നിന്ന് നീട്ടാനാകില്ലെന്ന് സുപ്രീംകോടതി. കേസില്‍ വാദം കേള്‍ക്കല്‍ തുടരുന്ന സാഹചര്യത്തില്‍ സമയപരിധി നീട്ടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചത്.

ആധാറിന്‍റെ സാങ്കേതിക വശങ്ങളെ കുറിച്ച്‌ യു.ഐ.ഡി.എ സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡേയുടെ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഇന്നും സുപ്രീംകോടതിയില്‍ തുടര്‍ന്നു. ആര്‍ക്കും ചോര്‍ത്താനാകാത്ത വിധത്തിലാണ് ആധാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ മാത്രമെ അന്വേഷണ ഏജന്‍സികള്‍ക്ക് ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ കൈമാറുകയുളളു.

എന്നാല്‍ ഇതുവരെ ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്ന് അത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ആധാര്‍ നമ്ബരുകളിലെ അവസാനത്തെ നാല് ഡിജിറ്റ് മാത്രമാണ് പല പരിശോധനകള്‍ക്കായി നല്‍കുന്നത്. അത് ഒരിക്കലും ഡാറ്റകള്‍ ചോര്‍ന്നതുമൂലമല്ല. പലരുടെയും മനോഭാവത്തിലെ പ്രശ്നങ്ങളാണ് അനാവശ്യ സംശയങ്ങള്‍ക്ക് കാരണമെന്നും യു.ഐ.ഡി.എ സി.ഇ.ഒ കോടതിയില്‍ പറഞ്ഞു.

ഇതിനിടെ സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം കിട്ടാനും സബ്സിഡികള്‍ക്കുമായി ആധാര്‍ വിവരങ്ങള്‍ നല്‍കാനുള്ള സമയപരിധി മാര്‍ച്ച്‌ 31 തന്നെയായിരിക്കുമെന്ന് കോടതി പറഞ്ഞു. സമയപരിധി നീട്ടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പരുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. കേസില്‍ വാദം കേള്‍ക്കല്‍ ഇനി ചൊവ്വാഴ്ച തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *