മലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ സപ്ലൈകോയുടെ റമദാന്‍ മെട്രോ ഫെയറും സംസ്ഥാനത്തൊട്ടാകെ തിരഞ്ഞെടുത്ത 89 സപ്‌ളൈകോ വില്പനശാലകളിലെ റമദാന്‍ ഫെയറും ഇന്ന് ആരംഭിക്കും. ജൂലൈ അഞ്ചു വരെ ഫെയറുകള്‍ നീണ്ടു നില്‍ക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് എട്ടു വരെയാണ് സപ്ലൈകോ മെട്രോ ഫെയറുകള്‍ പ്രവര്‍ത്തിക്കുക. അവശ്യസാധനങ്ങളെല്ലാം പൊതുവിപണിയെക്കാള്‍ വിലക്കിഴിവില്‍ സപ്ലൈകോ ഫെയറില്‍ ലഭിക്കും. ബിരിയാണി അരി അടക്കം റമദാന്‍ വിഭവങ്ങള്‍ക്കാവശ്യമായ എല്ലാ ഇനങ്ങള്‍ക്കും പുറമെ മെട്രോ ഫെയറുകളില്‍ പച്ചക്കറിയും ലഭ്യമാക്കും. റമദാന്‍ ഫെയറുകളുടെയും മാര്‍ക്കറ്റുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ 23നു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിച്ചിരുന്നു.
മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന മെട്രോ ഫെയര്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ ഇന്ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ എം.എല്‍.എ പി ഉബൈദുല്ല ആദ്യ വില്‍പന നടത്തും.
കോഴിക്കോട് പൊലിസ് കമ്മിഷണറുടെ ഓഫിസിനു സമീപമുള്ള ജില്ലാ മെഡിക്കല്‍ ലബോറട്ടറി കോമ്പൗണ്ടില്‍ നടത്തുന്ന റമദാന്‍ മെട്രോ ഫെയര്‍ രാവിലെ 9.30ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ എം.കെ മുനീര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ ആദ്യ വില്‍പന നഗരസഭാ കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി നിര്‍വഹിക്കും.ആലപ്പുഴ സക്കറിയ ബസാറിനു സമീപമുള്ള ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തിലെ റമദാന്‍ മെട്രോ ഫെയര്‍ ഇന്നു രാവിലെ ഒന്‍പതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും..













