ക്വാര്‍ട്ടര്‍ ഫൈനലിന് ഇന്ന് തുടക്കം; ആദ്യ മത്സരം പോര്‍ച്ചുഗല്‍-പോളണ്ട്


യൂറോ 2016ന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി 12.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം വരുന്നു. പോര്‍ച്ചുഗലും പോളണ്ടും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുമാണ് സൂപ്പര്‍ താരങ്ങള്‍.


പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വെല്ലുവിളിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് പോളണ്ട് ക്വാര്‍ട്ടറിലെത്തിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ പോളീഷ് പട സ്വിസ്സിനെ കീഴടക്കിയത്. അതേസമയം അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ക്രൊയേഷ്യയെ ഭാഗ്യം കൊണ്ട് കീഴടക്കിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ എത്തുന്നത്. ചരിത്രത്തിലാദ്യമായാണ് പോളണ്ട് യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.


1974, 82 ലോകകപ്പുകളില്‍ മൂന്നാം സ്ഥാനക്കാരായതൊഴിച്ചുനിര്‍ത്തിയാല്‍ അവരുടെ ഏറ്റവും മികച്ച നേട്ടം 1972-ലെ ഒളിമ്പിക്‌സ് സ്വര്‍ണ്ണം. പിന്നീട് 76ലും 92ലും വെള്ളിയും നേടി. ഇത്തവണ അവര്‍ കരുതിത്തന്നെയാണ് കളിക്കാനിറങ്ങുന്നത്. പോര്‍ച്ചുഗലിനെ കീഴടക്കി ആദ്യമായി സെമിയിലിടം പിടിക്കുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം.

ജര്‍മ്മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനായി ഗോളുകള്‍ അടിച്ചുകൂട്ടുന്ന സൂപ്പര്‍താരവും ക്യാപ്റ്റനുമായ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരൊറ്റ ഗോളുപോലും നേടിയിട്ടില്ലെന്നതാണ് പോളണ്ടിന്റെ വിഷമത്തിലാക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ നാല് കളികളില്‍ നിന്ന് അവര്‍ നേടിയത് വെറും മൂന്ന് ഗോളുകള്‍. ഒരെണ്ണം വഴങ്ങുകയും ചെയ്തു. എതിരാളികളെക്കൊണ്ട് ഗോളടിപ്പിക്കുന്നില്ലെങ്കിലും സ്‌ട്രൈക്കര്‍മാര്‍ അവസരങ്ങള്‍ പാഴാക്കുന്നതാണ് അവരെ കുഴപ്പത്തിലാക്കുന്നത്.



Sharing is Caring