സഊദിയില്‍ വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറൂം തുറന്നു


സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന പ്രഖ്യാപനം വന്നത് മുതല്‍ വനിതള്‍ക്ക് മാത്രമായി ഈ മേഖലയില്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കയാണ്. ഇതിനിടയിലാണ് വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറും തുറന്നു ചരിത്രം കുറിച്ചിരിക്കുന്നത്.


ജിദ്ദയിലെ ചെങ്കടല്‍ തീരത്തെ ഒരു ഷോപ്പിങ് മാളില്‍ വ്യാഴാഴ്ച്ചയാണ് ഒരു സ്വകാര്യ കമ്പനിവനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറൂം തുറന്നത്. വിവിധ തരം കാര്‍ കമ്പനികളുടെ വ്യത്യസ്ത മോഡലുകളാണ് ഷോറൂമില്‍ ഒരുക്കി വച്ചിരിക്കുന്നത്. വനിതകളാണ് ഷോറൂമിലെ മുഴുവന്‍ ജീവനക്കാരും.


വാഹനങ്ങള്‍ വാങ്ങുന്നതിനായി മുന്‍നിര ബാങ്കുകളുമായി സഹകരിച്ച് ലോണ്‍ സമ്പ്രദായങ്ങളും കമ്പനി ഏര്‍പ്പാടാക്കി നല്‍കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്കായി ഇത്തരത്തില്‍ ഷോറൂമുകള്‍ തുറക്കാനുള്ള ആലോചനയിലാണ് കമ്പനി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചരിത്ര പ്രധാനമായ ഒരു തീരുമാനത്തിലൂടെ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വനിതകള്‍ക്ക് വാഹനം ഓടിക്കുവാനുള്ള നിയമം പാസാക്കിയത്. ഈ വര്‍ഷം ജൂണ്‍ മുതലാണ് സ്ത്രീകള്‍ക്ക് നിരത്തുകളില്‍ വാഹനനമോടിക്കാനുള്ള അനുമതി നല്‍കുക. അതിനു മുന്‍പ് തന്നെ ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ കരസ്ഥമാക്കി തയ്യാറെടുപ്പിലാണ് രാജ്യത്തെ വനിതകള്‍.



Sharing is Caring