കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

14ാം തിയ്യതി മുതല്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ കര്‍ണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തില്‍ അതി തീവ്രമഴയ്ക്കുള്ള സാധ്യത.
കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യവും മഴയുടെ തീവ്രതയും കാറ്റിന്റെ വേഗതയിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലാകുമെന്നതിനാല്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.













