സംസ്ഥാനത്ത് മദ്യ വിതരണത്തിനായി സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ സമർപ്പിച്ചു

മദ്യ വിതരണത്തിനുള്ള മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ സമർപ്പിച്ചു. പ്ലേസ്റ്റോറിൻ്റെ പരിശോധനകൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായേക്കും. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ഉപയോഗിക്കാൻ കഴിയും. വ്യാഴാഴ്ച മുതൽ ആപ്പ് ഉപയോഗിച്ച് മദ്യവിതരണം ആരംഭിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. സാങ്കേതിക തടസം ഉണ്ടായാൽ മാത്രമേ വില്പന നീണ്ടു പോവുകയുള്ളൂ.
ബെവ്കോ, കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളിലും ബാർ കൗണ്ടറുകളിലും മദ്യം വാങ്ങാനുള്ള ടോക്കൺ ഈ മൊബൈൽ ആപ്പിലൂടെ ലഭിക്കും. മദ്യം വാങ്ങാൻ എത്തേണ്ട സമയവും കൃത്യമായി ഈ ടോക്കണിൽ ഉണ്ടാവും. ഈ സമയത്ത് പോയാൽ മദ്യം വാങ്ങി വരനാവും. എല്ലായിടത്തും ഒരേ വിലയായിരിക്കും ഈടാക്കുക. ബെവ്കോ കേന്ദ്രങ്ങളിൽ ഏറെ തിരക്കില്ലെങ്കിൽ ബാർ കൗണ്ടറുകൾ തുറക്കുമെന്നാണ് സൂചന.

വെർച്വൽ ക്യൂ വഴി മദ്യം വിതരണം ചെയ്യാൻ ഇന്നലെ വൈകിട്ടുവരെ 511 ബാറുകളും 222 ബീയർ, വൈൻ പാർലറുകളും സർക്കാരിനെ താൽപര്യം അറിയിച്ചിരുന്നു.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും വിതരണം. നേരത്തെ ബെവ്കോ രാത്രി 9 വരെ പ്രവർത്തിച്ചിരുന്നു. വെർച്വൽ ക്യൂ വഴിയുള്ള മദ്യവിതരണത്തിൻ്റെ നടത്തിപ്പും പ്രവർത്തനവും ബെവ്കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. ജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും മാർഗരേഖയും അദ്ദേഹം തന്നെ തയ്യാറാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *