സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം

മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിന് പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയുണ്ട്. സംസ്ഥാനത്ത് പണിമുടക്ക് ഏറെക്കുറേ പൂര്‍ണമാണ്. ചിലയിടങ്ങളില്‍ ഓട്ടോകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്.

പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ കൂടി സമരം പ്രഖ്യാപിച്ചതാണ് ആളുകളെ വലച്ചത്.

അഞ്ചരക്കോടിയിലധികം മോട്ടോര്‍ തൊഴിലാളികളും ചെറുകിട തൊഴിലുടമകളും സമരത്തില്‍ പങ്കെടുക്കുന്നു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളേയും പാക്കേജ് ടൂര്‍ വാഹനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രി വരെയാണ് സമരം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *