സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരാന്‍ സാധ്യതയേറെയെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരാന്‍ സാധ്യതയേറെയെന്ന് ആരോഗ്യവകുപ്പ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ടുവരുന്ന രോഗം പതിവില്‍നിന്ന് വ്യത്യസ്തമായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിലും എച്ച് 1 എന്‍ 1 കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം 1546 പേര്‍ക്കാണ് രോഗം ബാധിച്ചത്. 76 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം രോഗം ബാധിച്ച 304 പേരില്‍ 14 പേര്‍ മരിച്ചു.

സ്വകാര്യ ആശുപത്രികളില്‍ എച്ച് 1 എന്‍ 1 മരുന്ന് സ്‌റ്റോക്കില്ലാത്തതും രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നു. മരുന്ന് കഴിക്കാന്‍ വൈകുന്നത് മരണത്തിന് കാരണമാകും. ഒസെള്‍ട്ടാമിവിര്‍ ആന്റി വൈറല്‍ മരുന്നാണ് ഇതിനു നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 75 മില്ലിഗ്രാം രണ്ടുനേരംവീതം അഞ്ചുദിവസത്തേക്ക് നല്‍കിയാല്‍ വൈറസിനെ നശിപ്പിക്കാം.രോഗത്തിന് എ, ബി, സി എന്നിങ്ങനെ മൂന്നുവിഭാഗങ്ങളാണുള്ളത്. ഇതില്‍ ബി ഘട്ടത്തില്‍ത്തന്നെ മരുന്ന് തുടങ്ങണം. മരുന്ന് നല്‍കാന്‍ വൈകി, രോഗം അടുത്ത ഘട്ടത്തിലേക്കെത്തിയാല്‍ രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യത കുറയും.

കഴിഞ്ഞവര്‍ഷം തന്നെ സ്വകാര്യ ആശുപത്രികളില്‍ മരുന്നിന്റെ സ്‌റ്റോക്ക് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും എളുപ്പമാക്കി. എങ്കിലും പല സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും മരുന്ന് സ്‌റ്റോക്കില്ല. സര്‍ക്കാര്‍ ആശുപത്രികളെയും നീതി മെഡിക്കല്‍ സ്‌റ്റോറുകളെയുമാണ് രോഗികള്‍ ആശ്രയിക്കുന്നത്.

ഓഗസ്റ്റ് മുതല്‍ തന്നെ എല്ലാ ജില്ലകളിലേക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആറുതവണ ജാഗ്രതാനിര്‍ദേശം നല്‍കി. വായുജനരോഗ്യമായതിനാല്‍ പടരാനുള്ള സാധ്യത കൂടുതലാണ്. സ്വകാര്യ ആശുപത്രികളിലും രോഗത്തിനുള്ള മരുന്ന് ഉറപ്പാക്കുകയും രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുകയും ചെയ്താല്‍ എച്ച് 1 എന്‍ 1 കാരണമുള്ള മരണം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *