ഷെരീഫിനു മുന്നറിയിപ്പുമായി പാക്ക് മാധ്യമം: പാക്കിസ്ഥാന്‍ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടും

രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടേക്കുമെന്നു നവാസ് ഷെരീഫ് സര്‍ക്കാരിനു മുന്നറിയിപ്പുമായി പാക്ക് മാധ്യമം. സര്‍ക്കാരിനോടും സൈന്യത്തോടും അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍നിര ദിനപത്രം ദ് നേഷനാണ് സര്‍ക്കാരിനു വ്യക്തമായ സൂചന നല്‍കിയത്.
ഭീകരരെ അടിച്ചമര്‍ത്തുമെന്നു പാക്ക് ഭരണകൂടം വാക്കുകളിലൂടെയല്ല, മറിച്ച്‌ പ്രവൃത്തിയിലൂടെ തെളിയിക്കണം. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പാക്കിസ്ഥാന്റെ അടുത്ത സുഹൃത്തായ ചൈന പോലും നിരാശയിലാണ്. ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണു ചൈനയുടെയും ആവശ്യം. രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. പാക്കിസ്ഥാനെ ആഗോള ഭീകരതയുടെ മാതൃപേടകമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചതും അതുകൊണ്ടാണ്.

സാര്‍ക് സമ്മേളനം ഉപേക്ഷിച്ചും പാക്ക് താരങ്ങളെ ബഹിഷ്കരിച്ചും പാക്കിസ്ഥാനെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മോദി സര്‍ക്കാരിന്റെ നീക്കം. ഒറ്റപ്പെട്ടാല്‍ അതിന്റെ ഫലം ഗുരുതരമായിരിക്കും. പാക്കിസ്ഥാന്‍ ഒരിക്കലും അത് ആഗ്രഹിക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.ഭീകരവാദികള്‍ രാജ്യത്തിനു ഗുണമാണോ ദോഷമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും നൂറുശതമാനം ഉറപ്പില്ലെന്നു സമ്മതിക്കാന്‍ പാക്ക് സര്‍ക്കാരും സൈന്യവും തയാറാണോയെന്നും ലേഖനത്തില്‍ ചോദിക്കുന്നു. രാജ്യത്തിന്റെ നയമെന്താണെന്നു പാക്കിസ്ഥാന്‍ വ്യക്തമാക്കണം. അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും വേണം. ഒരു വിവേചനവുമില്ലാതെ ഭീകരരെ പൂര്‍ണമായും ഇല്ലായ്മ ചെയ്യണമെന്നതാണോ രാജ്യ താല്‍പര്യമെന്നു പാക്കിസ്ഥാന്‍ സ്വയം ചിന്തിക്കണം.
പാക്ക് സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ ദ് ‍ഡോണ്‍ ദിനപത്രത്തിന്റെ ലേഖകനും കോളമിസ്റ്റുമായ സിറില്‍ അല്‍മേഡയ്ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതിനെതിരെയും വിമര്‍ശനമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *