ക്രിമിനല്‍കേസ് പ്രതിയെ വിട്ടയക്കാന്‍ ഇടപെട്ട ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

ക്രിമിനല്‍കേസ് പ്രതിയെ സുപ്രീംകോടതി നിര്‍ദേശം മറികടന്ന് ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഇടപെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 21ലേക്ക് മാറ്റിവെച്ചു.

സുപ്രീംകോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ട തിരുവനന്തപുരം മലയം സ്വദേശി ഡേവിഡ് ലാലിയെ, ഒരുലക്ഷം രൂപ പിഴ ഈടാക്കി വിട്ടയക്കാനാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉത്തരവിട്ടത്. ആഭ്യന്തരസെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്‍ പലതവണ തള്ളിയ ഫയല്‍ നിയമസെക്രട്ടറിയുടെ ഉപദേശത്തിലൂടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാസാക്കുകയായിരുന്നു.

മലയംസ്വദേശി യോഹന്നാന്‍ ജോര്‍ജ്കുട്ടി എന്നയാളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ നെയ്യാറ്റിന്‍കര കോടതിയാണ് ഇയാള്‍ക്ക് രണ്ടുവര്‍ഷം തടവും ആയിരംരൂപ പിഴയും വിധിച്ചത്. ശിക്ഷിക്കപ്പെട്ടശേഷം പിടികൊടുക്കാതെ 27 വര്‍ഷം രാജ്യത്തിനകത്തും പുറത്തും ബിസിനസുകാരനായ ഡേവിഡ് ലാലി ഒളിവില്‍കഴിഞ്ഞു. ഇയാളില്‍നിന്ന് ഒരുലക്ഷം രൂപ പിഴ ഈടാക്കി വിട്ടയക്കാനാണ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടത്.

ഇയാളെ വിട്ടയക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. എന്നിട്ടും ഡേവിഡ ലാലിയെ പിടികൂടിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കോടതിവിധി നടപ്പാക്കി. ഒരാഴ്ചമുമ്ബ് ഡേവിഡ് ലാലിയെ കൊച്ചിയില്‍നിന്ന് പിടികൂടി ജയിലില്‍ അടച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *