ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരം എത്തുമെന്നും മന്ത്രി അറിയിച്ചു. ഏപ്രിൽ 16 മുതൽ മെയ് രണ്ടു വരെയായിരിക്കും എസ്എസ്എൽസി മൂല്യനിർണയം നടക്കുക.
സ്കൂൾ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു. സ്കൂൾ അറ്റകുറ്റപണി മെയ് 30ന് മുൻപ് തീർക്കണം. ജൂൺ ഒന്നിന് ആയിരിക്കും അടുത്ത അധ്യായന വർഷം പ്രവേശനോത്സവം നടത്തുക.

ഇന്റർണൽ മാർക്കിന് പരാതിയുണ്ടെങ്കിൽ അതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തിയായിരിക്കും കമ്മിറ്റി. അവധിക്കാലത്ത് ക്ലാസുകൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.













