പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ വകുപ്പുമന്ത്രിയുടെ പരിഗണനയില്‍ വരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ വകുപ്പുമന്ത്രിയുടെ പരിഗണനയില്‍ വരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.വിവാദ നിയമനങ്ങള്‍ തന്റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല.നിയമനങ്ങള്‍ താന്‍ അറിയേണ്ട കാര്യവുമില്ല. യുഡിഎഫ് മന്ത്രിമാരെ സംരക്ഷിച്ച സമീപനമല്ല, എല്‍ഡിഎഫിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇ പി ജയരാജന്‍ രാജിവച്ചത്. പ്രതിപക്ഷത്തിന് ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാര്യങ്ങള്‍ വഴിവിട്ട രീതിയില്‍ പോകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെവേണം. പ്രത്യേകമായ പരിരക്ഷയൊന്നും പ്രത്യേകമായ വിഭാഗങ്ങള്‍ക്ക് നല്‍കുന്നുമില്ല. അങ്ങിനെ ഉണ്ടാകുകയുമില്ല.

യുഡിഎഫ് സര്‍ക്കാരിലെ പലരും കുറ്റക്കാരാണെന്ന് കോടതികള്‍ പറഞ്ഞിരുന്നു. മന:സാക്ഷിക്ക് മുമ്പില്‍ അവര്‍ കുറ്റക്കാരല്ലെന്നാണ് അന്നത്തെ ഭരണപക്ഷത്തിലെ നേതാക്കള്‍ നിലപാട് സ്വീകരിച്ചത്. പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തെളിവില്ലെന്നും തെളിവുകള്‍ കൊണ്ടുവന്നപ്പോള്‍ കോടതിയില്‍ തെളിയിക്കട്ടെ എന്നും പറഞ്ഞു. കോടതി എതിരായപ്പോള്‍ ജനകീയ കോടതി പറയട്ടെ എന്നായി. അവിടെയും എതിരായപ്പോള്‍ മന:സാക്ഷിയെ കൂട്ടുപിടിക്കുയാണ് ചെയ്തിട്ടുള്ളത്. അങ്ങനെ അധികാരത്തില്‍ കടിച്ചു തൂങ്ങുകയല്ല ജയരാജന്‍ ചെയ്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.സര്‍ക്കാരിനെ ആകെ ആക്ഷേപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. പിണറായിയില്‍നിന്നും ആരും ഒരുസ്ഥാനത്തും വരാന്‍ പാടില്ലെന്നില്ലല്ലോ. അവിടെ യോഗ്യരായ പലരും ഉണ്ട്. അതൊന്നും ആക്ഷേപിക്കപെടേണ്ടതല്ല.

വിജിലന്‍സിന് എല്ലാ സ്വാതന്ത്യ്രവും നല്‍കുന്നതാണ് ഈ സര്‍ക്കാരിന്റെ രീതി. തത്തയുടെ കാല്‍ തല്ലിയൊടിച്ച് ചിറക് മുറിച്ച് കളിപ്പിക്കുന്ന രീതി തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *