ഷുക്കൂര്‍ വധത്തില്‍ സിപിഎമ്മിനെ കുടുക്കി ഷംസീര്‍

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധം പാര്‍ട്ടിയുടെയോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കരുടെയും തലയില്‍ ചാരാന്‍ നോക്കേണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് സിപിഎം നേതാക്കള്‍. പൊതുമധ്യത്തില്‍ ഇതിനെ വളരെയധികം ന്യായീകരിക്കാനും പാര്‍ട്ടി ശ്രമിച്ചിരുന്നു.രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായിട്ടാണ് സിപിഎം നേതാക്കള്‍ കേസില്‍ പെടുത്തിയത് എന്നും സിപിഎം നേതൃത്വം ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ സിപിഎം എംഎല്‍എ തന്നെ പാര്‍ട്ടിയുടെ നിലപാടുകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ എഎന്‍ ഷംസീറാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല. അതങ്ങനെ സംഭവിച്ച് പോയതാണെന്നാണ് ഷംസീര്‍ പറഞ്ഞത്. ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു ഷംസീറിന്റെ വിവാദ വെളിപ്പെടുത്തല്‍.കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുള്ള കൊലപാതകങ്ങളില്‍ ഏറ്റവും ക്രൂരമായിരുന്നു ഷുക്കൂറിന്റേത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശേരി എംഎല്‍എ ടിവി രാജേഷ് എന്നിവരുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായിട്ടായിരുന്നു ഷുക്കൂറിന്റെ കൊലപാതകം. രണ്ട് മണിക്കൂറിലധികം ഷുക്കൂറിനെ തടഞ്ഞ് വെച്ച് വിചാരണ ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയത്. നിരവധി സിപിഎം പ്രവര്‍ത്തകര്‍ ഈ സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപണമുണ്ട്.

കണ്ണൂരിലെ സിപിഎമ്മിന്റെ ഉന്നത നേതാക്കളെല്ലാം കേസിനെ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായിരുന്നു. പി ജയരാജനെയും ടിവി രാജേഷിനെയും പോലീസ് പല തവണ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ടിവി രാജേഷ് കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസസഭ മുന്‍ ചെയര്‍മാന്‍ എരിയ കമ്മിറ്റി അംഗവുമായി വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നിവരുള്‍പ്പെടെ 18 പേരടങ്ങുന്ന പ്രതിപ്പട്ടിക പോലീസ് സമര്‍പ്പിച്ചിരുന്നു.

ശുഹൈബ് വധത്തിലുള്ള ചര്‍ച്ചയിലായിരുന്നു ഷംസീര്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ഷുക്കൂറിന്റേത് പ്ലാന്‍ഡ് മര്‍ഡര്‍ അല്ല. അതങ്ങ് സംഭവിച്ച് പോയതാണ്. കൊലപാതകം എന്ന് പറയുന്നത് തന്നെ ഒരു മാസ് സൈക്കോളജിയാണ്. ഷൂക്കൂര്‍ കേസില്‍ ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടേയില്ല. ജനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് ഷൂക്കൂര്‍ മരിച്ചത്. അതില്‍ പാര്‍ട്ടിക്കാരുണ്ട്. അതുകൊണ്ടാണ് ഞങ്ങളതിനെ ന്യായീകരിക്കാന്‍ വരാത്തത്. ആ സംഭവത്തില്‍ ഞങ്ങള്‍ക്കും പങ്കുണ്ടെന്നുമായിരുന്നു ഷംസീറിന്റെ പ്രസ്താവന.

ഷംസീറിന്റെ പ്രസ്താവന നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. കൊലപാതകത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കുള്ള പങ്ക് ഷംസീറിനെ ചോദ്യം ചെയ്താല്‍ പുറത്തുവരും. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ സമീപിക്കും. ഇതിനായി ഷംസീറിന്റെ പ്രസ്താവനയുടെ സിഡിയും സിബിഐക്ക് നല്‍കും. കൊല നടത്തിയവരെ കുറിച്ച് ഷംസീറിന് കൃത്യമായ ധാരണയുണ്ടെന്നാണ് പരാമര്‍ശത്തിലൂടെ മനസിലാവുന്നതെന്ന് ഫിറോസ് പറഞ്ഞു.

പാര്‍ട്ടി നേതാക്കള്‍ക്കായി ന്യായീകരണം നടത്തുന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ഷംസീറിന്റെ പ്രസ്താവന. കണ്ണൂരിലെ ജില്ലാ സെക്രട്ടറിയായി വീണ്ടും നിയമിതനായ ജയരാജന് രാഷ്ട്രീയമായി ഏറെ ക്ഷീണം ചെയ്യുന്ന പ്രസ്താവനയുമാണ് ഇത്. നേതാക്കളോട് മുന്‍ സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തിയെന്ന സിപിഎമ്മിന്റെ ആരോപണങ്ങളും ഇതോടെ ദുര്‍ബലമായി. അതേസമയം ഷംസീറിനെ ശാസിക്കാനും കഴിയാത്ത അവസ്ഥയാണ് പാര്‍ട്ടിക്കുള്ളത്. പൊതുമധ്യത്തിലും അത് തിരിച്ചടിയാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *