ദക്ഷിണാഫ്രിക്കകെതിരെയുള്ള ആറാമത്തെ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 8 വിക്കറ്റ് ജയം. ഇതോടെ ഏകദിന പരമ്ബര ഇന്ത്യ 5 – 1 സ്വന്തമാക്കി. കോഹ്ലിയുടെ 35 മത്തെ സെഞ്ചുറി കണ്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും കാഴ്ചവെച്ചത്.
നേരത്തെ ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയച്ച ഇന്ത്യ അവരെ 204 റണ്‍സിന് ഓള് ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഷാര്‍ദൂല്‍ താക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറയും ചഹാലും 2 വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ദിക് പാണ്ട്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ദക്ഷിണാഫ്രിക്ക നിരയില്‍ സോണ്ടോ ഒഴിക്കെ ആര്‍ക്കും മികച്ച പ്രകടനം കാഴ്ച്ച വെക്കാനായില്ല. സോണ്ടോ 54 റണ്‍സ് എടുത്ത് പുറത്തായി.

തുടര്‍ന്ന് രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കോഹ്ലിയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയെ മറികടക്കുകയായിരുന്നു. കോഹ്ലി 96 പന്തില്‍ 129 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. കോഹ്ലിക്ക് മികച്ച പിന്തുണ നല്കിയ രഹാനെ 50 പന്തില്‍ 34 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. 18 റണ്‍സ് എടുത്ത ശിഖര്‍ ധവാന്റെയും 15 റണ്‍സ് എടുത്ത രോഹിത് ശര്‍മയുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും.













