ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് സൂചന; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകള്‍ ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ടെന്ന് സൂചന.

ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലത്തില്‍ പറയുന്നത് എന്നാണ് സൂചന. രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന വിവരം ലാബ് അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. സാംപിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാന്‍ കാരണമായിരിക്കുന്നത്. അപകടം ഉണ്ടായി 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിള്‍ എടുത്തത്.

അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്നാണ് കുറിച്ചത്.ഒടുവില്‍ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു സാംപിള്‍ എടുത്തത്. ഇതിനിടെ മദ്യത്തിന്റെ അംശം കുറക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ഉണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *