ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം; നാളെ പഠിപ്പ് മുടക്ക്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലയിലെ പോലീസിനെ വിമര്‍ശിച്ച കെ.എസ്.യു. കണ്ണൂര്‍ എസ്.പി ജില്ലയ്ക്ക് ബാധ്യതയാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി. ശുഹൈബിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ പഠിപ്പ് മുടക്കുമെന്നും കെഎസ്.യു വ്യക്തമാക്കി.ഇന്നലെ രാത്രിയോടു കൂടിയാണ് ശുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.

ബോംബേറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

തെരൂരിലെ സുഹൃത്തിന്റെ തട്ടുകടയില്‍ രാത്രി 11.30 ഓടെ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇരുകാലുകളിലും മാരകമായി വെട്ടേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകും വഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍ എസ്.എഫ്.ഐ. കെ.എസ്.യു. സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശുഹൈബ് റിമാന്‍ഡിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *