ശുഹൈബിന്റെ കൊലപാതകം: നാളെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ഉപവാസം

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സിപിഐഎമ്മിന്റെ കൊലപാത രാഷ്ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ ലക്ഷ്യമിട്ടും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നിരാഹാര സമരം നടത്തുന്നു.

നാളെ രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 10 മണി വരെ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്‍പിലാണ് ഡിസിസി പ്രസിഡന്റിന്റെ 24 മണിക്കൂര്‍ ഉപവാസ സമരം. ഉപവാസ സമരം നാളെ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും നിരാഹാര സമരത്തിന് പിന്തുണ അറിച്ചും സംസ്ഥാനത്തെ പ്രമുഖ നേതാക്കളെത്തുമെന്നും സതീശന്‍ പാച്ചേനി അറിയിച്ചു.

ഇന്നലെ രാത്രി പതിനൊന്നോടെയാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വെട്ടേറ്റ് മരിച്ചത്. എടയന്നൂര്‍ തെരൂരില്‍ വെച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന ശുഹൈബിനെ
ബോംബെറിഞ്ഞ ശേഷം അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. നെഞ്ചിലും കാലിലും ഗുരുതരമായി വെട്ടേറ്റ ശുഹൈബിനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തലശ്ശേരിയിലേക്കും കൊണ്ടുപോയി.

പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ശുഹൈബ് മരിച്ചത്. ആക്രമണം നടക്കുമ്ബോള്‍ ശുഹൈബിനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ കോണ്‍ഗ്രസ് ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ശുഹൈബിന്റെ കൊലയാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി നാളെ രാവിലെ പത്ത് മണി മുതല്‍ 24 മണിക്കൂര്‍ ഉപവാസസമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *