ശിവസേന ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നു?

കേന്ദ്രത്തില്‍ ബി.ജെ.പിയുമായി സഖ്യം പിരിയുന്നുവെന്ന സൂചന നല്‍കി ശിവസേന. ശിവസേനാ നേതാവ് സഞ്ജയ് റാവത്താണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ”ഇതുവരെയില്ലാത്ത വിലക്കയറ്റം, കര്‍ഷക പ്രശ്‌നം പരഹരിച്ചിട്ടില്ല. ഇതിനൊന്നും ഞങ്ങള്‍ ഉത്തരവാദികളല്ല, കേള്‍ക്കുന്ന പഴികളുടെ പങ്കാളിത്തം ഏറ്റെടുക്കാനും ഞങ്ങള്‍ തയ്യാറല്ല. സര്‍ക്കാരില്‍ തുടരണോ വേണ്ടയോ എന്നത് വൈകാതെ ഞങ്ങള്‍ തീരുമാനിക്കും”- സഞ്ജയ് റാവത്ത് പറഞ്ഞു.

മുന്‍പും നിരവധി പ്രശ്‌നങ്ങളില്‍ ബി.ജെ.പിയെ ശിവസേന പരസ്യമായി വിമര്‍ശിച്ചിരുന്നു. പെട്രോളിയം വില വര്‍ധനയെപ്പറ്റി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ പ്രസ്താവനയെ ശിവസേന മുഖപത്രത്തില്‍ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. പെട്രോളും ഡീസലും ഉപയോഗിക്കുന്നവര്‍ പട്ടിണികളല്ലെന്ന പരാമര്‍ശം പാവങ്ങളെയും ഇടത്തരക്കാരെയും അപമാനിക്കുന്നതാണെന്ന് പത്രത്തില്‍ പറഞ്ഞു. പെട്രോള്‍ വില വര്‍ധനയാണ് രാജ്യത്തെ കര്‍ഷക ആത്മഹത്യയുടെ പ്രധാന കാരണമെന്നും ശിവസേന പറയുന്നു.

കഴിഞ്ഞയാഴ്ച തുടക്കംകുറിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെയും ശിവസേന വിമര്‍ശിച്ചു. ബുള്ളറ്റ് ട്രെയിനിനു വേണ്ടി ചെലവഴിക്കുന്ന പണം പണപ്പെരുപ്പം തടയാന്‍ വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്‍ എത്രയോ നന്നായിരുന്നു. പക്ഷെ, ഇന്ധനം വാങ്ങുന്നവര്‍ പട്ടിണികളല്ലെന്ന് പറഞ്ഞ് പാദസേവ ചെയ്യുന്നവര്‍ ഓരോ ദിവസവും ‘നല്ല ദിന’ങ്ങളെ കൊല്ലുകയാണെന്നും പത്രത്തില്‍ വിമര്‍ശനമുന്നയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *