വിദേശ ഇന്ത്യക്കാര്‍ സൂക്ഷിക്കുക, ഭാര്യമാരെ പീഡിപ്പിച്ചാല്‍ പാസ്‌പോര്‍ട്ട് പോകും

ഭാര്യമാരെ പീഡിപ്പിക്കുന്ന, വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന വിദേശ ഇന്ത്യക്കാര്‍ സൂക്ഷിക്കുക. ഇനി അതു തുടര്‍ന്നാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും. വിദേശത്താണല്ലോ, എങ്ങനെ പിടിക്കുമെന്നാണ് ചിന്തയെങ്കില്‍ അത്തരക്കാരെ നാട്ടിലെത്തിക്കാനും നടപടിയെടുക്കും.

വിദേശത്തുപോയ ശേഷം നാട്ടിലും വിദേശത്തുമുള്ള ഭാര്യമാരെ അവഗണിക്കുന്നതായും ഉപേക്ഷിക്കുന്നതായും പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് കര്‍ശനമാക്കുന്നത്. ഇത്തരം ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് തടഞ്ഞു വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് ഇതിനായി രൂപീകരിച്ച സമിതിയുടെ പ്രധാന ശുപാര്‍ശ. അതിനു ശേഷം അവരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരണം. ഇതിനായി ആ രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തണം. കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഒപ്പിട്ട രാജ്യങ്ങളിലാണെങ്കില്‍ അതു പ്രയോജനപ്പെടുത്താം.

കേസ് നടത്തിപ്പിന് സ്ത്രീകള്‍ക്ക് സഹായം നല്‍കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഇത്തരം സ്ത്രീകളെ സഹായിക്കാന്‍ ഇന്ത്യന്‍ മിഷന്‍ നല്‍കുന്ന സഹായം 1.92 ലക്ഷം രൂപ മുതല്‍ 3.84 ലക്ഷം രൂപ വരെ വര്‍ധിപ്പിക്കാനും നിര്‍ദേശം.

കേന്ദ്ര വിദേശ മന്ത്രി സുഷമ സ്വരാജും വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും ചേര്‍ന്നാണ് ഭാര്യമാരുടെ പരാതികള്‍ക്കു പരിഹാരം കാണാന്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. ഇതിനായി റിട്ട. ജഡ്ജി അരവിന്ദ് കുമാര്‍ ഗോയലിന്റെ അധ്യക്ഷതയില്‍ ഒമ്പതംഗ സമിതിയും രൂപീകരിച്ചു. ഈ സമിതിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. സമിതി നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *