ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം; എ.പത്മകുമാറിന്റെ മൊഴി


ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിക്കുന്നതില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് പങ്കുള്ളതായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ നിര്‍ണായക മൊഴി.


ദൈവ തുല്യരായവരുടെ പങ്കിനെക്കുറിച്ച് പത്മകുമാര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. കോടതി എസ് എ ടി കസ്റ്റഡിയില്‍ വിട്ടതിനെത്തുടര്‍ന്ന് ഇന്നലെ വൈകീട്ട് നാലുമണിമുതലാണ് പത്മകുമാറിനെ ചോദ്യം ചെയ്തു തുടങ്ങിയത്. തന്ത്രി പറഞ്ഞ കാര്യങ്ങളാണ് ബോര്‍ഡ് ചെയ്തതെന്ന സൂചനയാണ് പത്മകുമാര്‍ നല്‍കുന്നത്. തന്ത്രി പദവിയില്‍ ഇരുന്നവര്‍ കേസില്‍ ഉള്‍പ്പെട്ടേക്കുമെന്ന നിര്‍ണായക ദിശയിലേക്കാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.


ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍ എസ് എ ടിയുടെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണ്. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല.

ഗോള്‍ഡ് പ്ലേറ്റിംഗ് പ്രവൃത്തി സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു



Sharing is Caring