ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദങ്ങളോട് അനുകൂല നിലപാടുമായി സുപ്രീംകോടതി. ക്ഷേത്രത്തില്‍ പ്രവേശിക്കാനും പ്രാര്‍ഥിക്കാനും സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനവിലക്കിനുള്ള പ്രായം നിശ്ചയിക്കുന്നത് ഭരണഘടനാ ധാര്‍മികതയുടെ ലംഘനമാണ്. പ്രായത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സ്ത്രീകളെ വിലക്കുന്നതെങ്കില്‍ അത് ഏകപക്ഷീയ നിലപാടാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികളില്‍ വ്യാഴാഴ്ചയും വാദം തുടരും.
ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം നിയമവുമായി ബന്ധപ്പെട്ടതല്ലെന്നും അതു മൗലികാവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു. പ്രവേശനം വിലക്കുന്ന വിജ്ഞാപനത്തില്‍, ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായം നിശ്ചയിച്ചതെങ്കില്‍ അത് ഭരണഘടനാധാര്‍മികതയുടെ ലംഘനമാണ്. വിജ്ഞാപനത്തില്‍ പ്രായം മാത്രമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, അത് ഏകപക്ഷീയ തീരുമാനമാണെന്നും നിരീക്ഷിച്ചു.

സ്വകാര്യക്ഷേത്രവും പൊതു ആരാധനാ സ്ഥലവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന ശബരിമല പൊതുക്ഷേത്രമാണ്. പൊതു ആരാധനാ സ്ഥലത്ത് ‘അവന്’ പോകാമെങ്കില്‍ ‘അവള്‍’ക്കും പോകാം. പ്രാര്‍ഥിക്കാന്‍ നിയമത്തിന്റെ പിന്‍ബലം വേണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. അത് മൗലികാവകാശമാണ്. എല്ലാവരും ദൈവത്തിന്റെ, അല്ലെങ്കില്‍ പ്രകൃതിയുടെ സൃഷ്ടിയാണെങ്കില്‍ അതില്‍ സ്ത്രീകളും ഉള്‍പ്പെടും -അദ്ദേഹം പറഞ്ഞു.
ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ആര്‍.പി. ഗുപ്ത, ‘ഹാപ്പി ടു ബ്ലീഡ്’ സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്, അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ എന്നിവരാണ് ബുധനാഴ്ച വാദിച്ചത്. ശബരിമല മറ്റുക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമല്ലെന്നും അവിടെ പോകുന്നവരെ പ്രത്യേക വിഭാഗമായി കാണാനാവില്ലെന്നും ഗുപ്ത വാദിച്ചു.
ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ലിംഗവിവേചനമാണെന്നും അത് അയിത്തത്തിന് തുല്യമാണെന്നുമാണ് ഇന്ദിര ജെയ്‌സിങ് വാദിച്ചത്. അയിത്തത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്ന വാദത്തോട് കോടതി മുഴുവനായി യോജിച്ചില്ല. മതസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളാണിതെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ നിരീക്ഷിച്ചു.
സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതായി സംസ്ഥാനസര്‍ക്കാരും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മാറിമാറി വരുന്നത് ബെഞ്ച് ചൂണ്ടിക്കാട്ടി. 2007-ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് സംസ്ഥാനം ബുധനാഴ്ച പറഞ്ഞത്. ശബരിമലയില്‍ ഇപ്പോഴത്തെ സ്ഥിതി തുടരണമെന്നുകാട്ടി 2015-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതാണ് കോടതി ചൂണ്ടിക്കാട്ടിയത്.
സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലും നടന്നത്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും എതിര്‍ത്തുമുള്ള വാദങ്ങള്‍ വരുംദിവസങ്ങളില്‍ തുടരും. സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന അമിക്കസ് ക്യൂറി രാമമൂര്‍ത്തി, എന്‍.എസ്.എസ്. ഉള്‍പ്പെടെ വിവിധ സംഘടനകള്‍ തുടങ്ങിയവരും വാദം നടത്തും.
സ്ത്രീപ്രവേശനം വിലക്കാനാവില്ല- ശബരിമല അയ്യപ്പക്ഷേത്രത്തില്‍ പോകുന്നത് ‘പ്രത്യേക വിഭാഗ’മല്ല. എല്ലാ ഹിന്ദു ക്ഷേത്രത്തിലും പോകുന്നവര്‍ തന്നെയാണ് ശബരിമലയിലുമെത്തുന്നത്. ഇക്കാര്യം ഹൈക്കോടതി പരിശോധിച്ചിട്ടില്ല. മറ്റെല്ലാ ഹിന്ദു ക്ഷേത്രത്തിലുമുള്ള പൂജകളും ആഘോഷങ്ങളും തന്നെയാണ് ഇവിടെയുമുള്ളത്. ദേവസ്വംബോര്‍ഡല്ലാതെ പ്രത്യേക ഭരണസംവിധാനവും ശബരിമലയ്ക്കില്ല. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് കേരള പി.എസ്.സി.യാണ് നിയമനം നടത്തുന്നത്. ബുദ്ധമതവുമായി ശബരിമലയ്ക്ക് ബന്ധമുണ്ട്. ബുദ്ധമതക്കാര്‍ ‘ബുദ്ധം ശരണം ഗച്ഛാമി’ എന്നു പറയുന്നതുപോലെയാണ് അയ്യപ്പഭക്തര്‍ ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നുവിളിക്കുന്നത്. ധര്‍മശാസ്താ എന്ന വാക്കും ബുദ്ധമതക്കാര്‍ ഉപയോഗിച്ചതാണ്. എല്ലാ മതത്തിലുമുള്ളവരുടെ നികുതിപ്പണത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന ദേവസ്വംബോര്‍ഡിന് സ്ത്രീപ്രവേശനം വിലക്കാനാവില്ല. സ്ത്രീപ്രവേശനം വിലക്കിക്കൊണ്ട് ദേവസ്വം ബോര്‍ഡ് ഓരോ വര്‍ഷവും വിജ്ഞാപനം ഇറക്കാന്‍ പാടുള്ളതല്ല.- ആര്‍.പി. ഗുപ്ത (ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍)
തൊട്ടുകൂടായ്മ കല്‍പിക്കല്‍- ഭരണഘടന നിലവില്‍ വരുന്നതിനുമുമ്ബുതന്നെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നു. ക്ഷേത്രപ്രവേശനത്തിന് എല്ലാ ഹിന്ദുക്കള്‍ക്കും അവകാശം നല്‍കിയ നിയമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നില്ലേ എന്നതാണ് ചോദ്യം. ഒരു വിഭാഗം സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മ കല്‍പ്പിക്കലാണ്. ഇതു നിയമംമൂലം നിരോധിച്ചതാണ്. പ്രതിഷ്ഠയെ തൊടുന്നതല്ല, ക്ഷേത്രപ്രവേശനം മാത്രമാണ് ആവശ്യപ്പെടുന്നത്. പൊതു ആരാധനാസ്ഥലം എല്ലാവര്‍ക്കുമായി തുറന്നിടണം. ശബരിമലയില്‍പോകുന്നത് പ്രത്യേക വിഭാഗമാണെങ്കില്‍പ്പോലും സ്ത്രീകളെ അതില്‍നിന്ന് വിലക്കാനാവില്ല. പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്കുമാത്രമാണ് വിലക്കെന്ന് എതിര്‍ഭാഗം പറയുന്നു. എന്നാല്‍ ഇതിനെ ലിംഗവിവേചനവും തൊട്ടുകൂടായ്മയുമായി മാത്രമേ കാണാനാവൂ. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ശുദ്ധിയില്ലെന്ന് പറയുന്നത് അയിത്തം കല്‍പ്പിക്കലാണ്. ആരാധന എന്ന വാക്കിന് മതത്തേക്കാള്‍ വ്യാപ്തിയുണ്ട്.- ഇന്ദിര ജെയ്‌സിങ് (ഹാപ്പി ടു ബ്ലീഡ്)
നിയമം പ്രവേശനം ഉറപ്പാക്കുന്നു- മതസ്വാതന്ത്ര്യവും ആരാധനയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ടതാണ് എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം ഉറപ്പു നല്‍കുന്ന നിയമം. ഒരു വിഭാഗത്തിനും പ്രവേശനം നിഷേധിക്കരുതെന്ന് നിയമം വ്യക്തമാക്കുന്നു. ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ ആര്‍ത്തവത്തിന്റെ പ്രായപരിധിയിലുള്ളവരല്ലെന്ന് ഉറപ്പു നല്‍കേണ്ട അവസ്ഥയാണ്- രാജു രാമചന്ദ്രന്‍ (അമിക്കസ് ക്യൂറി)












