ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് സിപിഐഎം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് സിപിഐഎം. ഹൈക്കോടതിയില്‍ യുവതികള്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് നിര്‍ദേശം. ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ചര്‍ച്ച നടത്തി. പ്രതിഷേധക്കാര്‍ക്ക് സഹായകമാകുന്ന നിലപാട് സ്വകരീക്കേണ്ടെന്ന് സിപിഐഎം അഭിപ്രായപ്പെട്ടു. സാവകാശ ഹര്‍ജിയിലെ തീരുമാനം വരും വരെ കാക്കണമെന്ന് ബോര്‍ഡ് നിലപാടെടുത്തേക്കും.

അതേസമയം ശബരിമല ദർശനത്തിന്‌ കോട്ടയം റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങിയ ആറ്‌ യുവതികളെ പൊലീസ് തടഞ്ഞു. ശബരിമലയിലെ സാഹചര്യങ്ങൾ വിശദീകരിച്ചതിനെത്തുടർന്ന് ഇവർ യാത്ര ഉപേക്ഷിച്ചു. ആന്ധ്രയിൽ നിന്നുള്ള യുവതികൾ ഉൾപ്പെടുന്ന തീർഥാടകർ രണ്ട് സംഘങ്ങളായാണ്‌ എത്തിയത്‌.

വെള്ളിയാഴ്ച പുലർച്ചെയാണ് ഇരുസംഘവും കോട്ടയം റെയിൽവേസ്റ്റേഷനിലെത്തിയത്. ആദ്യമെത്തിയ 26 പേരിൽ നാല്‌ സ്ത്രീകളുണ്ടായിരുന്നു. പിന്നീട് ഒരു യുവാവും അമ്മയും ഭാര്യയും മകളും എത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസ്‌ ഇവരോട് സ്ഥിതിഗതികൾ വിവരിച്ചു. പ്രതിഷേധക്കാർ എത്തിയെങ്കിലും യുവതികൾ ശബരിമലയ്ക്ക് പോകില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് മടങ്ങി.

ആദ്യമെത്തിയ സംഘം വാടകയ്ക്കെടുത്ത വാഹനത്തിൽ ചെങ്ങന്നൂരിലേക്കും നാലംഗകുടുംബം കെഎസ്‌ആർടിസി ബസിൽ എരുമേലിയിലേക്കും പോയി. യുവതികൾ ശബരിമലയ്ക്ക് പോകില്ലെന്നും എരുമേലിയിലും ചെങ്ങന്നൂരിലും തങ്ങുമെന്നും സംഘാംഗങ്ങൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *