വ്യാജസന്ദേശങ്ങൾ പരക്കുന്നു: വാട്‌സ്‌ ആപ്പിൽ കൂട്ടമായി സന്ദേശങ്ങൾ അയക്കുന്നതിന്‌ നിയന്ത്രണം

വ്യാജ സന്ദേശങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണമായതോടെ നിയന്ത്രണങ്ങളുമായി വാട്‌സ് ആപ്പ്. സന്ദേശങ്ങൾ ഒരേസമയം അഞ്ചുപേർക്ക് മാത്രം അയക്കാവുന്ന നിലയിൽ നിയന്ത്രിക്കും. വാട്‌സ് ആപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ ഇതുവഴി വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിക്കുന്നത് സുരക്ഷാപ്രശ്‌നമായി മാറിയതോടെയാണ് പുതിയ നീക്കം.

കൂട്ടമായി സന്ദേശങ്ങൾ, ചിത്രം, വീഡിയോ എന്നിവ അയക്കുന്നത് നിയന്ത്രിച്ച് ഒരേ സമയം അഞ്ചുപേർക്ക് മാത്രം എന്ന പരിധി നിശ്ചയിക്കാനാണ് വാട്‌സ് ആപ്പ് തീരുമാനം. മീഡിയ മെസേജിന് സമീപത്തുള്ള ക്യുക്ക് ഫോർവേഡ് ബട്ടണും ഒഴിവാക്കും. നിയന്ത്രണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളിയാഴ്ച മുതൽ വാട്‌സ്ആപ്പ് നടപ്പാക്കിത്തുടങ്ങി.

ലഭിക്കുന്ന സന്ദേശങ്ങൾ അയച്ചയാൾ എഴുതിയതാണോ, ഫോർവേഡ് ചെയ്ത് കിട്ടിയതാണോ എന്ന് തിരിച്ചറിയാനുള്ള ലേബൽ ബുധനാഴ്ച മുതൽ വാട്‌സ് ആപ്പ് നടപ്പാക്കിയിരുന്നു.– വ്യാജ വാർത്തകൾ പരക്കുന്നത് തടയാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാമതും കേന്ദ്രസർക്കാർ കത്തയച്ചതിനുപിന്നാലെയാണ് വാട്‌സ് ആപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്. വ്യാജവാർത്തകൾ തടയുന്നതിന് അക്കാദമിക് വിദഗ്ധരുടെ സഹായം തേടുന്നതടക്കമുള്ള നീക്കങ്ങളും വാട്‌സ് ആപ്പ് തുടങ്ങിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും വാട്‌സ് ആപ്പ് വ്യാജ സന്ദേശങ്ങൾ കാരണമായതോടെയാണ് നിയന്ത്രണങ്ങൾക്ക് നിർബന്ധിതമായത്. ആൾക്കൂട്ട വിചാരണയും കൊലപാതകങ്ങളും കർശനമായി തടയുന്നതിന് പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് സുപ്രിംഗകാടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *