രാജസ്ഥാനിലെ അല്‍വാറില്‍ പശുവിന്റെ പേരില്‍ വീണ്ടും ആക്രമണം. പശുവിനെ കടത്തിക്കൊണ്ടുപോയെന്നാരോപിച്ച് അക്ബര്‍ ഖാന്‍ എന്ന 28 കാരനെ ഒരു സംഘം അടിച്ചുകൊന്നു.
രാംഘഢ് ഗ്രാമത്തിലാണ് സംഭവം. പശുക്കളുമായി പോവുകയായിരുന്ന രണ്ടു പേരെ തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഒരാള്‍ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

രണ്ട് പശുക്കളുമായാണ് രണ്ടുപേരും സഞ്ചരിച്ചിരുന്നത്. ഇവരുടെ ഗ്രാമമായ കൊല്‍ഗാണ്‍വില്‍ നിന്ന് ഹരിയാനയിലെ രാംഘഢിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
പശുവിന്റെ പേരില്‍ നിരന്തരം ആക്രമണം നടക്കുന്ന സ്ഥലമാണ് അല്‍വാര്‍. 2017 ഏപ്രിലില്‍ പെഹ്‌ലുഖാന്‍ എന്ന കര്‍ഷകനും നവംബറില്‍ ഉമര്‍ മുഹമ്മദ് എന്നയാളും പശുഭീകരരുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ടു.
പശുഭീകരത അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. പശു ആക്രമണങ്ങളെ നേരിടേണ്ടത് കേന്ദ്ര സര്‍ക്കാരല്ല, സംസ്ഥാനങ്ങളാണെന്നാണ് ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ ബി.ജെ.പി തന്നെ ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലാണ് ഈ സംഭവങ്ങള്‍ ഏറെയും നടക്കുന്നത്.













