വീണ്ടും ഖനി ദുരന്തം: രണ്ട് തൊഴിലാളികള്‍ മരിച്ചു; പഴയ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം 25-ാം ദിവസത്തിലേക്ക്

ഗുവാഹത്തി: മേഘാലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. കിഴക്കന്‍ ജയന്തിയ ഹില്‍സില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിയാണ് തകര്‍ന്നത്. തലസ്ഥാന നഗരിയായ ഷില്ലോങ്ങില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ മൂക്‌നൂരില്‍ ജാലിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.

ഖനിയ്ക്കുള്ളില്‍ കുടുങ്ങിയ എലാദ് ബറേ (26) എന്ന യുവാവിനെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച്‌ ഇയാളുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഖനിയ്ക്കുള്ളിലെ എലിമട പോലുള്ള അറയുടെ മുന്നിലായി എലാദ് ബറേയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇതിനിടയിലാണ് മറ്റൊരു മൃതദേഹവും പൊലീസ് കണ്ടെത്തുന്നത്. മോനോജ് ബസുമത്രി എന്ന തൊഴിലാളിയുടെ മൃതദേഹമാണ് രണ്ടാമതായി കണ്ടെടുത്തത്. ഖനനത്തിനിടെ പാറക്കല്ലുകള്‍ വീണതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനധികൃത ഖനിയുടെ ഉടമയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ ജോലിയ്ക്കിടെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍‌ത്തനം പുരോ​ഗമിക്കുന്നതിനിടയിലാണ് ഇതേ ജില്ലയില്‍ മറ്റൊരു ദുരന്തം കൂടി സംഭവിച്ചിരിക്കുന്നത്. ഡിസംബര്‍ 13നാണ് ജോലിയ്ക്കിടെ തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയത്. 25 ദിവസമായി ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തൊഴിലാളികള്‍ അകപ്പെട്ട ഖനിക്കുള്ളിലെ എലിമടകള്‍ പോലുള്ള ഇടുങ്ങിയ അറകളിലേയ്ക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും സാധിച്ചിട്ടില്ല.

അതേസമയം ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാ​ഗമായി ശക്തിയേറിയ പമ്ബുകള്‍ ഉപയോഗിച്ച്‌ ഖനിയ്ക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 370 അടി താഴ്ച്ചയുള്ള ഖനിയ്ക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള വിദൂര സാധ്യത പോലുമില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *