വിശ്വാസ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു; ആദ്യം യെദ്യൂരപ്പയുടെ പ്രസംഗം


ബെംഗളൂരു: ദിവസങ്ങളായി തുടര്‍ന്നുവന്ന അതിനാടകീയതകളുടെ ക്ലൈമാക്‌സായ വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ കര്‍ണാടക വിധാന്‍സഭയില്‍ ആരംഭിച്ചു. ബിജെപിയുടെയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെയും എല്ലാ എംഎല്‍എമാരും സഭയില്‍ എത്തിയിട്ടുണ്ട്.


മുഖ്യമന്ത്രി യെദ്യൂരപ്പ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗമാണ് ആദ്യ നടപടി. ഇതിനു ശേഷം നാല് മണിയോടെ വിശ്വാസ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടെടുപ്പിന് മുന്‍പ് യെദ്യൂരപ്പ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.


വിശ്വാസവോട്ടെടുപ്പ് വേളയില്‍ ബി.ജെ.പിയുടെ പ്രകോപനമുണ്ടാകുമെന്നും അതുകൊണ്ട് സഭയില്‍ ശാന്തത പാലിക്കണമെന്നും സസ്പെന്‍ഷന് ഇടവരുത്തരുതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഭയില്‍ ഏതെങ്കിലും തരത്തിലുള്ള ബഹളമുണ്ടാക്കുന്നവരെ പ്രൊട്ടംസ്പീക്കര്‍ക്ക് അയോഗ്യരാക്കാമെന്ന നിയമമുള്ളതിനാലാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ബി.എസ്. യെദ്യൂരപ്പയുടെ അടുത്ത അനുയായിയായ കെ.ജി. ബൊപ്പയ്യയാണ് പ്രോടെം സ്പീക്കര്‍.

ഭൂരിപക്ഷം നേടാന്‍ വേണ്ടത് 112 സീറ്റുകള്‍ ആണെങ്കിലും കുമാരസ്വാമി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചക്കുകയും അദ്ദേഹത്തിന് ഒരു വോട്ട് മാത്രം ചെയ്യാനാവുകയും ചെയ്യുന്ന സ്ഥിതിയുണ്ടായതോടെ ഭൂരിപക്ഷത്തിന് 111 വോട്ടുകള്‍ മതിയാകും. ബിജെപിക്ക് അനുകൂലമായി 110 എംഎല്‍എമാര്‍ വോട്ടു ചെയ്താല്‍ വോട്ടിങ് സമനിലയാവുകയും പ്രോടേം സ്പീക്കര്‍ക്ക് കാസ്റ്റിങ് വോട്ടിങ്ങിന് അവസരമൊരുങ്ങുകയും ചെയ്യും. ഈ സാഹചര്യമൊരുങ്ങാന്‍ ബിജെപിക്ക് ഇനി ഏഴ് എംഎല്‍എമാര്‍ക്കൂടി വേണം.



Sharing is Caring