ബംഗളുരു: വിശ്വാസവോട്ടെടുപ്പിനുള്ള സമയം അടുക്കുന്തോറും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വിജയം ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഇന്ന് രാവിലെ വരെ വിജയം അവകാശപ്പെട്ട് നടന്ന ബിജെപി ഇപ്പോള്‍ പരാജയം ഏതാണ്ട് സമ്മതിച്ച മട്ടാണ്. ആത്മവീര്യം നഷ്ടപ്പെട്ടവരെപ്പോലെ ആയിരിക്കുകയാണ് ബിജെപിയും യെദ്യൂരപ്പയും.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെയാണിത്. ബിജെപിക്ക് 104 ഉം. സ്വതന്ത്രര്‍ ബിജെപിക്ക് ഒപ്പം പോയാലും കോണ്‍ഗ്രസ് സഖ്യത്തിന് പേടിക്കാനില്ല. എന്നാല്‍ 117 അംഗങ്ങളുടെയും വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു. അവസാനനിമിഷം വരെ സഭയിലെത്താതിരുന്ന രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും തങ്ങള്‍ക്ക് തന്നെ വോട്ടുചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആനന്ദ് സിംഗ്, പ്രതാപ്ഗൗഡ പാട്ടീല്‍ എന്നിവരാണ് ആ രണ്ട് അംഗങ്ങള്‍. രണ്ട് പേരും തിരിച്ചെത്തിയതോടെ സഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 78 ആയി. ജെഡിഎസിന് 36 അംഗങ്ങളാണ് ഉള്ളത്. വിശ്വാസവോട്ടെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം.

നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ 111 എംഎല്‍എമാരുടെ പിന്തുണ വേണം. രണ്ട് സ്വതന്ത്രര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ ഭൂരിപക്ഷത്തിന് പിന്നെയും അഞ്ച് അംഗങ്ങള്‍ കൂടി വേണം. അത്രയും അംഗങ്ങളെ കൂടെക്കൂട്ടുക എന്ന ലക്ഷ്യം വിജയത്തിലേക്ക് എത്തിക്കാന്‍ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.












