വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ എന്ത് നടപടി വേണമെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം കരാറിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

അന്വേഷണ കമ്മിഷന്റെ പ്രവര്‍ത്തനത്തിന് സൗകര്യമൊരുക്കിയെന്നും റിപ്പോര്‍ട്ട് കൃത്യസമയത്ത് നല്‍കാമെന്ന് ചെയര്‍മാന്‍ പറഞ്ഞതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാരന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ സാമ്പത്തിക ഇളവ് അനുവദിക്കുന്നത് 30 വര്‍ഷത്തേക്ക് ആണെന്നിരിക്കെ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പിന് 40 വര്‍ഷത്തേക്കാണ് ഇളവു നല്‍കുന്നതെന്നും സംസ്ഥാനത്തിന് ഇതുമൂലം 29,217 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സി.എ.ജി റിപ്പോര്‍ട്ടിലുണ്ടെന്ന് ഹരജിക്കാരന്‍ പറയുന്നു.

സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ച ശേഷം ജുഡീഷ്യല്‍ അന്വേഷണകമ്മിഷനെ നിയോഗിച്ചെങ്കിലും മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും ഹരജിയില്‍ പറയുന്നു.

ഈ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ വിഷയം അതീവ ഗൗരവമാണെന്നും കോടതി നേരത്തെ വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *