വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു

ന്യൂജഴ്‌സി : വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. 90 വയസായിരുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ വച്ചാണ് അന്തരിച്ചത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. രാജ്യം പത്മ ശ്രീ, പത്മ ഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചു. മേവതി ഖരാനയിലെ അതുല്യ ഗായകനായ ജസ് രാജ് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചു.

ഹരിയാനയിലെ ഹിസ്സാറില്‍ സംഗീത പാരമ്ബര്യമുള്ള കുടുംബത്തില്‍ 1930ലാണ് ജനിച്ചത്. പിതാവ് അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. ജസ് രാജിന് നാലുവയസുള്ളപ്പോള്‍ പിതാവ് മരിച്ചു. അച്ഛന്റെ കീഴില്‍ സംഗീതാഭ്യാസനം തുടങ്ങിയ ജസ്‌രാജ് പിന്നീട് ജ്യേഷ്ഠന്‍ മണിറാമിന്റെ പക്കലും മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി.
മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടര്‍ന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയില്‍ മനം നൊന്ത് അത് അവസാനിപ്പിച്ച്‌ സംഗീതാഭ്യസനത്തില്‍ ശ്രദ്ധയൂന്നുകയായിരുന്നു. സംഗീത രംഗത്ത് നിരവധി നവീനതകള്‍ പരീക്ഷിച്ച ജസ്‌രാജ് ജുഗല്‍ബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകള്‍ നല്‍കി. ആണ്‍ പെണ്‍ ഗായകര്‍ ഒരേ സമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ആസ്വാദകരെ ഏറെ ആകര്‍ഷിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *