വാരാണസി വാര്‍ദ്ധക്യത്തിന്റെ മാത്രം ഭൂമിയല്ല

വാരാണസിയെ കുറിച്ചുള്ള യാത്ര വിവരണ കുറിപ്പ് എഴുതുന്നതിനു മുന്‍പേ പറയട്ടെ, ഇതൊരു തീര്‍ഥാടന യാത്ര ആല്ല. ഗംഗയില്‍ കഴുകി കളയുവാന്‍ മാത്രം പാപം ചെയ്തില്ലെന്നാണ് ഈയുള്ളവന്റെ വിശ്വാസം. എങ്കില്‍ പോലും ഈ പുരാതനമായ നഗരത്തെക്കുറിച്ച്‌ കണ്ട ചിത്രങ്ങളും ,വായിച്ചറിഞ്ഞ ചെറുവിവരണങ്ങളുമാണ് ഈ യാത്രയിലേക്ക് നയിച്ചത്.

ഇതൊരു തീര്‍ഥാടന നഗരമെന്നാണ് യാത്രക്ക് മുന്നേ തന്നെ ഉറപ്പിച്ചിരുന്നത്..പക്ഷേ വാരണാസി റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ പല മുന്‍ധാരണകളും മാറി. ഏതൊരു യാത്രയിലും സംഭവിക്കുന്നപോലെ തന്നെ. അധികം ഭക്തജനങ്ങളെയൊന്നും കാണുവാന്‍ സാധിച്ചില്ല. നഗരത്തിലേക്ക് വരവേറ്റത് റയില്‍വെസ്റ്റേഷനിലെ തിക്കും തിരക്കും കൂടാതെ പൊടിക്കാറ്റും. നഗരത്തിലെ വാഹനങ്ങള്‍ കൊണ്ടുള്ള തിരക്ക് കാരണം ഹോട്ടലിലേക്ക് എത്താനുള്ള 6 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏതാണ്ട് ഒരു ഒരുമണിക്കൂറിലധികം വേണ്ടി വന്നു. പൌരാണികത നിലനിര്‍ത്തുന്നതിനോടൊപ്പമുള്ള ക്രമാനുഗതമായ ജനസംഖ്യവര്‍ധനവ്‌ വാരണാസി നഗരത്തിലെ യാത്ര ദുഷ്കരമാക്കുന്നുണ്ട്. ഇതിനു സമാനമായി തിരക്ക് കണ്ടിട്ടുള്ളത് കൊല്‍ക്കത്തയില്‍ മാത്രമാണ്..ഇവയെല്ലാം കൂടി ആരെയും അല്‍പ്പം മടുപ്പിക്കും.

ഹോട്ടലില്‍ നിന്നുള്ള വിശ്രമത്തിന് ശേഷം 500 മീറ്റര്‍ മാത്രം അകലെയുള്ള ഘാട്ടിലേക്ക് നടന്നു. ഘാട്ട് എന്നത് നമ്മുടെ നാട്ടിലെ കടവ് എന്ന് ഓര്‍മിപ്പിക്കുന്നു. വീതി കുറഞ്ഞ വഴികളാണ് ഘാട്ടിനു സമീപ പ്രദേശങ്ങളില്‍ എല്ലാം.ഇരുവശങ്ങളിലും ചെറിയ കച്ചവട സ്ഥാപങ്ങള്‍. ബനാറസ്‌ സാരി, സ്വീറ്റ് ലസ്സി , രസഗുള, പൂമാലകള്‍ ഇങ്ങനെ പലതും കൊണ്ട് നിറഞ്ഞിരിക്കുന്നു ഇരു വശങ്ങളും..ആദ്യമൊക്കെ ഈ ഇടുങ്ങിയ വഴികള്‍ അല്‍പ്പം ബുദ്ധിമുട്ടുകള്‍ തോന്നിപ്പിക്കുമെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഒരു നഗരത്തിലൂടെയാണ് നടത്തം എന്ന തിരിച്ചറിവ് ഈ വീഥികളെ ഇഷ്ടപ്പെടുത്തും.

നടന്ന് ദശാശ്വമേധ ഘട്ടിലേക്ക് എത്തിയപ്പോഴാണ് വാരണാസിയിലേക്ക് പലരെയും നയിക്കുന്നത് എന്തെന്ന് മനസിലാക്കിയത്. ഘാട്ട് മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടി മാത്രമുള്ളത് എന്ന എന്‍റെ ധാരണ മാറ്റുന്നതയിരുന്നു ആവിടുത്തെ കാഴ്ച്ച.. കാഷായ വസ്ത്രധാരികള്‍ കൂടാതെ ചെറിയ സംഗീത സംഘങ്ങള്‍, വിദേശീയരായ സഞ്ചാരികള്‍, സഞ്ചാരികളെ വശീകരിക്കുന്ന തോണിക്കാരന്‍, പട്ടം പറത്തുന്ന കുട്ടികള്‍, കമിതാക്കള്‍ അങ്ങനെ പലതും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു പ്രദേശം. ഈ വ്യത്യസ്തമായ ജീവിതങ്ങള്‍ തമ്മില്‍ യാതൊരു സംഘര്‍ഷവും ഇല്ല എന്നുള്ളതായിരിക്കാം വാരണാസിയെ മറ്റു പല സ്ഥലങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്.

88 ഘട്ടുകള്‍ ആണ് ഗംഗയ്ക്ക് ഒരു വശത്ത് കൂടി കടന്ന് പോകുന്നത്. അതില്‍ത്തന്നെ അസിഘാട്ടു മുതല്‍ മണികാര്‍നിക ഘാട്ടുവരെയുള്ള 3 കിലോമീറ്റര്‍ ആണ് പ്രധാനമായുള്ളത്. എവിടെയും ഇരിക്കുവാന്‍ പാകത്തിനാണ് ഘാട്ടിന്റെ നിര്‍മിതി.. ഘാട്ടിന്റെ ഭംഗി ഏറ്റവും മനോഹരമാകുന്നത്‌ വൈകുന്നേരമുള്ള ഗംഗ ആരതിയുടെ സമയത്ത് ആണ്. പുണ്യ നദിയായ ഗംഗയെ പൂജിക്കുന്ന ചടങ്ങ്. ദീപങ്ങള്‍ കൊണ്ടുള്ള പ്രകാശവും, മണി നാദവും, വര്‍ണാഭമായ വസ്ത്രം ധരിച്ചുള്ള പൂജാരിയുടെ കര്‍മ്മവും ഏതൊരാളും ഇഷ്ടപ്പെടുന്ന വിധത്തിലാണ് നടക്കുന്നത്. ഈ സമയമുള്ള ബോട്ട് യാത്ര പ്രധാനപ്പെട്ട എല്ലാ ആരതികളും കാണുവാന്‍ സഹായിക്കും. നമ്മുടെയൊക്കെ പൂര്‍വികരെയൊക്കെ ഈ നാട്ടിലേക്ക് നയിച്ചതില്‍ 2500 കിലോമീറ്റര്‍ ഓളം വ്യാപിച്ചു കിടക്കുന്ന ഈ നദിയുടെ പങ്ക് ഒരിക്കലും ചെറുതാകില്ല. അത് തന്നെയായിരിക്കാം നൂറ്റാണ്ടുകളോളം മുടങ്ങാതെ ഈ ആചാരങ്ങള്‍ നടത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

ഇവയൊക്കെ കൂടാതെ കാണേണ്ടതാണ് 24 മണിക്കൂറും ശവസംസ്കാരം നടക്കുന്ന മണികര്‍ണിക ഘട്ടും ഹരിശ്ചന്ദ്ര ഘട്ടും .ഒരു ദിവസം 300ഓളം ശവദാഹങ്ങളാണ് ഇവിടെ നടക്കുന്നത്.. മാസാന്‍ എന്ന ബോളിവുഡ് സിനിമ ഈ കര്‍മങ്ങള്‍ അതി മനോഹരമായി കാണിച്ചിട്ടുണ്ട്.. ഇങ്ങനെയുള്ള പല ചടങ്ങുകളും നടക്കുന്നുവെങ്കിലും ഘട്ടും ഗംഗനദിയും വൃത്തിയായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. ഒഴുകി നടക്കുന്ന ശവശരീരങ്ങള്‍ (പലയിടത്തും കേട്ടത്) ഒന്നും പല തവണയുള്ള ബോട്ട് യാത്രകളില്‍ കാണുവാന്‍ സാധിച്ചില്ല. ഒരു പക്ഷേ ശവസംസ്കര ചടങ്ങുകള്‍ നടത്തുന്നതിലുള്ള നിയമാവലികള്‍ മാറ്റിയത് കൊണ്ടാകാം.

ഘട്ടും പരിസരവും തിരക്കുകള്‍ക്കിടയിലും വൃത്തിയാക്കാന്‍ ആളുകള്‍ അവിടെ ഉണ്ട്..
ഘട്ടുകളില്‍ മാത്രം ഒതുങ്ങുന്നതല്ല വാരണാസി, ബുദ്ധ മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന സാരനാഥ്, കാശി വിശ്വനാഥ ക്ഷേത്രം, റാം മനോഹര്‍ കോട്ട, ബനാറസ്‌ ഹിന്ദു ക്യാമ്ബസ് എന്നിവ വാരാണസിയെ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമായി മാറ്റിയിരിക്കുന്നു. സഞ്ചാരികളെ സഹായിക്കുന്നതില്‍ യാതൊരു വിമുഖതയും പ്രദേശവാസികളിലില്ല. ഇതിനൊപ്പം ലസ്സിയും, പുരി ഗചോരിയും , മാല്‍പുവയുമെല്ലാം നല്‍കുന്ന സ്വാദ് ഈ നഗരത്തിനു മാത്രം നല്‍കാന്‍ സാധിക്കുന്നതാണ്..

ഏതാണ്ട് മൂന്ന് ദിവസം കൊണ്ട് തിരക്കുകള്‍ കൂട്ടാതെതന്നെ ഈ പറഞ്ഞവയെല്ലാം കാണുവാന്‍ സാധിക്കും.ഘാട്ടിനടുത്തുള്ള താമസമായിരിക്കും ഏറ്റവും അനുയോജ്യം. വളരെ കുറഞ്ഞ തുകക്ക് തരക്കേടില്ലാത്ത താമസ സൗകര്യം വാരാണസിയില്‍ എവിടെയും ലഭിക്കും. ഒക്ടോബര്‍ മുതല്‍ ജനുവരിവരെയുള്ള കാലാവസ്ഥ വാരണാസി യാത്രക്ക് പാകമായിരിക്കും. ഒരു ഗ്രൂപ്പ്‌ യാത്ര എന്നതിലും നല്ലത് ഒറ്റക്കോ നിങ്ങളുടെ യാത്രക്ക് ഏറ്റവും യോജ്യമായ ഒരു സുഹൃത്തിന്റെ കൂടെയോ ഉള്ള യാത്രയായിരിക്കും അഭികാമ്യം.

ഒരു യാത്രാവിവരണത്തില്‍ നിന്ന് വായിച്ചു മനസിലാക്കുന്നതിനപ്പുറം ഒരു പക്ഷെ നിങ്ങള്‍ക്ക് ഒരു യാത്രയിലൂടെ വാരണാസിയെ ഒന്ന് കൂടി മനസില്ലാക്കിയേക്കാന്‍ കഴിഞ്ഞേക്കാം.. ഒന്ന് ഉറപ്പിച്ചു പറയാം വാര്‍ധക്യത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ മാത്രം ആസ്വദിക്കേണ്ടതല്ല വാരാണസിയുടെ സൗന്ദര്യം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *