ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലകളിലെല്ലാം പുതിയ ഹൈടെക് സംവിധാനങ്ങള്‍

ലോകത്തെ 20 രാജ്യങ്ങളില്‍ നിന്നുള്ള 228 ഇനം മദ്യം കേരളത്തിലേക്ക് വരുന്നു. ഫ്രാന്‍സ്, മെക്‌സിക്കോ,ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വീര്യം കൂടിയ മദ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്. ജൂലായ് രണ്ടോടു കൂടി ബെവ്‌കോയുടെ ചില ഷോപ്പുകള്‍ വഴി വിദേശ മദ്യം ലഭിച്ചു തുടങ്ങും. ആദ്യഘട്ടത്തില്‍ 40 വില്പനശാലകളിലാണ് എത്തുക. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ബെവ്‌കോ ഷോപ്പുകളിലും ഇവ എത്തും. വിദേശനിര്‍മ്മിത മദ്യം വില്‍ക്കാന്‍ തീരുമാനിച്ചതോടെ ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലകളിലെല്ലാം പുതിയ ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.

കോര്‍പറേഷന്റെ 266 കടകളില്‍ സാധ്യമായിടത്തെല്ലാം എയര്‍കണ്ടീഷന്‍ ഘടിപ്പിക്കുകയും ചെയ്യും. അടുത്തമാസം അവസാനത്തോടെ ഈ സംവിധാനം 100 കടകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. മദ്യം നല്‍കാനുള്ള സഞ്ചിക്കുവേണ്ടി ടെന്‍ഡര്‍ വിളിച്ചു. പ്ലാസ്‌റ്റിക് ഘടകങ്ങളില്ലാത്ത സഞ്ചിയാണ് വാങ്ങുന്നത്.

കടകളിലെല്ലാം ഡെബിറ്റ് കാര്‍ഡ് ക്രെഡി‌റ്റ് കാര്‍ഡ് മുഖേനയുള്ള പണമിടപാട് സൗകര്യം കൊണ്ടുവരും. ഇതിനായി പഞ്ചാബ് നാഷണല്‍ ബാങ്കുമായി ധാരണയിലെത്തി. ഉപയോക്താവില്‍നിന്നു കാര്‍ഡ് വഴി പണം സ്വീകരിക്കുന്ന കടയുടമയില്‍നിന്നു ബാങ്കുകള്‍ ഫീസ് ഈടാക്കാറുണ്ട്. എന്നാല്‍ ഫീസ് ഒഴിവാക്കിയാണു പിഎന്‍ബിയുമായുള്ള കോര്‍പറേഷന്റെ കരാര്‍. കടകളിലെല്ലാം ക്യാമറ സ്ഥാപിക്കാനും കരാര്‍ ക്ഷണിച്ചു.

17 വിദേശനിര്‍മ്മിത വിദേശമദ്യ കമ്ബനികളാണ് ഓണ്‍ലൈന്‍ വഴി കേരളത്തില്‍ മദ്യമെത്തിക്കാന്‍ അപേക്ഷിച്ചത്. ഇതില്‍ 16 പേര്‍ക്ക് ബെവ്‌കോ അനുമതി കൊടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏജന്‍സികള്‍ വഴിയാണ് വിദേശ നിര്‍മ്മാതാക്കള്‍ മദ്യമെത്തിക്കുന്നത്. കസ്റ്റംസ് വെയര്‍ഹൗസിലാവും മദ്യകെയ്‌സുകള്‍ എത്തിക്കുക.

ഇതിന്റെ നികുതി ഘടനയിലും വ്യത്യാസമുണ്ട്. വെയര്‍ഹൗസില്‍ കമ്ബനിയെത്തിക്കുന്ന മദ്യത്തിന് കമ്ബനിയുടെ വിലയ്‌ക്കൊപ്പം പ്രൂഫ് ലിറ്ററിന് 87.7 ശതമാനം സ്‌പെഷ്യല്‍ ഫീസും 78 ശതമാനം സെയില്‍സ് ടാക്‌സും 5 ശതമാനം മാര്‍ജിനും ചേര്‍ത്താണ് ഔട്ട്‌ലെറ്റുകള്‍ക്കും ബാറുകള്‍ക്കും വില്പന നടത്തുക. വീണ്ടും മൂന്ന് ശതമാനം കൂടി ചേര്‍ക്കുന്നതാണ് ചില്ലറ വില്പന വില. വൈനിന് ബള്‍ക്ക് ലിറ്ററിന് 1.25 രൂപ സ്‌പെഷ്യല്‍ ഫീസും 25 ശതമാനം സെയില്‍സ് ടാക്‌സും ഉള്‍പ്പെട്ടതാണ് വില.

200, 300, 700, 750 മില്ലിലിറ്റര്‍ ബോട്ടിലുകളും ഒരുലിറ്റര്‍ ബോട്ടിലുമാണ് മിക്ക ബ്രാന്‍ഡുകള്‍ക്കുമുള്ളത്. അപൂര്‍വം ഇനങ്ങള്‍ക്ക് 375 മില്ലിലിറ്റര്‍ ബോട്ടിലും കിട്ടും. ടെക്വില’ എന്ന മദ്യത്തിന്റെ 200 മില്ലി ബോട്ടിലിന് വില 800 രൂപ വരും. ജോണിവാക്കര്‍ റെഡ് ലേബലിന് (750 മില്ലി) 1950 രൂപയാണ് പ്രതീക്ഷിക്കുന്ന വില. ബ്‌ളൂ ലേബലിന് 20,000 ത്തോളം വരും. ഗ്‌ളെന്‍ഫിഡീഷ് വിസ്‌കിയാണ് ഇപ്പോള്‍ എത്തുന്നതില്‍ വലിയവന്‍ -വില 750 മില്ലിക്ക് 57,710 രൂപ!

Spread the love

Leave a Reply

Your email address will not be published. Required fields are marked *